ആറ് പേജിൽ വേദന കുറിച്ച് തേജസ്വിനി.. പാരമ്പര്യ രോഗം മക്കൾക്കും…മനംനൊന്ത് മക്കളെ കൊന്ന് ജീവനൊടുക്കി…

ഹൈദരാബാദ് : തന്‍റെ നേത്ര രോഗം പാരമ്പര്യമായി മക്കൾക്കും വന്നതിൽ മനംനൊന്ത് 32കാരി മക്കളെ കൊലപ്പെടുത്തി ജീവനൊടുക്കി. തേജസ്വിനി എന്ന യുവതിയാണ് ഒൻപതും പതിനൊന്നും വയസ്സുള്ള ആണ്‍മക്കളെ വെട്ടിക്കൊലപ്പെടുത്തി അപ്പാർട്ട്മെന്‍റിൽ നിന്ന് ചാടി മരിച്ചത്.

ഹൈദരാബാദിലെ ഗജുലരാമരത്താണ് സംഭവം. തന്‍റെ ജീവിതാവസ്ഥയെ കുറിച്ച് തേജസ്വിനി എഴുതിയ ആറ് പേജുള്ള കുറിപ്പ് കണ്ടെത്തി. തേജസ്വിനിക്കും രണ്ട് കുട്ടികൾക്കും ഒരേ നേത്രരോഗമുണ്ടായിരുന്നു. ഓരോ നാല് മണിക്കൂറിലും തുള്ളിമരുന്ന് ഒഴിച്ചില്ലെങ്കിൽ കാഴ്ച മങ്ങുന്ന അവസ്ഥയായിരുന്നു. മക്കൾക്കും പാരമ്പര്യമായി ഇതേ രോഗം വന്നതിൽ തേജസ്വിനിക്ക് കുറ്റബോധമുണ്ടായിരുന്നുവെന്ന് അവരുടെ കുറിപ്പിലുണ്ട്. രോഗം തേജസ്വിനിയുടെ മാനസികാവസ്ഥയെ സാരമായി ബാധിച്ചു

ഭർത്താവുമായുണ്ടായ വഴക്കിനെ കുറിച്ചും തേജസ്വിനി കുറിപ്പിൽ പരാമർശിക്കുന്നുണ്ട്. “പോയി മരിക്കൂ” എന്ന് വഴക്കിനിടെ ഭർത്താവ് പറഞ്ഞതായും തേജസ്വിനി കുറിച്ചു. രോഗം, കുറ്റബോധം, വൈകാരികമായ അരക്ഷിതാവസ്ഥ എന്നിവയാണ് മരണത്തിലേക്ക് നയിച്ചതെന്ന് പൊലീസ് സംശയിക്കുന്നു.

കോടാലി ഉപയോഗിച്ചാണ് മക്കളായ അർഷിത് റെഡ്ഡിയെയും ആശിഷ് റെഡ്ഡിയെയും തേജസ്വിനി കൊലപ്പെടുത്തിയത്. എന്നിട്ട് അപ്പാർട്ട്മെന്‍റ് സമുച്ചയത്തിന്‍റെ അഞ്ചാം നിലയിൽ നിന്ന് ചാടി മരിക്കുകയായിരുന്നു. തേജസ്വിനിയും മൂത്ത മകൻ അർഷിതും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ആശിഷ് ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണ് മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!