‘മുറിയില്‍ മുട്ടിയത് ഗുണ്ടകളെന്ന് കരുതി, അപായപ്പെടുത്തുമെന്ന് ഭയന്ന് ഇറങ്ങിയോടി’: ഷൈന്‍ ടോം ചാക്കോയുടെ മൊഴി

കൊച്ചി: കൈവശം ലഹരിവസ്തുക്കള്‍ ഉണ്ടെന്ന സംശയത്തില്‍ പൊലീസ് പരിശോധനയ്ക്ക് എത്തിയപ്പോള്‍ ഇറങ്ങിയോടിയ സംഭവത്തില്‍ കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ തട്ടിയത് പൊലീസാണെന്ന് മനസിലായില്ലെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ. ലഹരിവസ്തുക്കളുടെ ഉപയോഗവും വിതരണം തടയുന്നതിന് കൊച്ചി സിറ്റി പൊലീസിന്റെ കീഴിലുള്ള ഡാന്‍സാഫ് സംഘത്തെ കണ്ടപ്പോള്‍ തിരിച്ചറിയാന്‍ സാധിച്ചില്ല. ഗുണ്ടകളാണെന്നും തന്നെ അപായപ്പെടുത്താന്‍ വന്നവരാണെന്നും കരുതി താന്‍ പേടിച്ച് ഹോട്ടല്‍ മുറിയില്‍ നിന്ന് ഓടുകയായിരുന്നുവെന്നും ഷൈന്‍ ടോം ചാക്കോ പൊലീസിന്റെ ചോദ്യം ചെയ്യലില്‍ മൊഴി നല്‍കി.

തന്നെ അപായപ്പെടുത്താന്‍ വന്നവരാണെന്ന് കരുതിയാണ് സുരക്ഷിത സ്ഥലം നോക്കി തമിഴ്‌നാട്ടിലേക്ക് പോയതെന്നും താരം പറഞ്ഞു. കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ നിന്നും ഇറങ്ങിയോടിയ സംഭവത്തില്‍ ഷൈന്‍ ടോം ചാക്കോ ഇന്ന് രാവിലെയാണ് പൊലീസിന് മുന്നില്‍ ഹാജരായത്. രാവിലെ 10.30ന് നടന്‍ ഹാജരാകുമെന്നായിരുന്നു പൊലീസ് പറഞ്ഞിരുന്നത്. എന്നാല്‍ പറഞ്ഞതിലും അരമണിക്കൂര്‍ മുന്‍പ് 10 മണിക്ക് അഭിഭാഷകര്‍ക്കൊപ്പം എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലാണ് നടന്‍ ഹാജരായത്.

ഹോട്ടല്‍ മുറിയില്‍ നിന്ന് ഇറങ്ങിയോടിയതിന് പിന്നില്‍ എന്താണ് കാരണം എന്ന് വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നല്‍കിയ നോട്ടീസ് പ്രകാരമാണ് ഷൈന്‍ ഹാജരായത്. ഹോട്ടല്‍ മുറിയില്‍ നിന്ന് ഇറങ്ങിയോടിയതുമായി ബന്ധപ്പെട്ട് പൊലീസ് തയ്യാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍.

ഹോട്ടലില്‍ നിന്നും ഇറങ്ങിയോടിയ സംഭവത്തില്‍ ഹാജരായി വിശദീകരണം നല്‍കണം എന്നാവശ്യപ്പെട്ട് എറണാകുളം നോര്‍ത്ത് പൊലീസ് ഷൈന്‍ ടോം ചാക്കോയുടെ തൃശൂരിലെ വീട്ടിലെത്തി നോട്ടീസ് നല്‍കിയിരുന്നു. ശനിയാഴ്ച രാവിലെ 10.30ന് ഹാജരാകാനാണ് നോട്ടീസില്‍ നിര്‍ദേശിച്ചിരുന്നത്. പിന്നാലെ ഇന്ന് വൈകീട്ട് ഹാജരാകും എന്നായിരുന്നു ഷൈനിന്റെ കുടുംബത്തിന്റെ പ്രതികരണം. എന്നാല്‍ നിശ്ചയിച്ച സമയത്തിന് അരമണിക്കൂര്‍ മുന്‍പ് ഷൈന്‍ ഇന്ന് ഹാജരാകുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!