വാര്‍ത്താസമ്മേളനത്തിൽ ബോഡി ഷെയിമിങ് നടത്തി വ്‌ളോഗർ… ചുട്ടമറുപടി നൽകി നടി ഗൗരി കിഷൻ…

ചെന്നൈ : വാർത്താ സമ്മേളനത്തിൽ ബോഡി ഷെയിമിങ് നടത്തിയ വ്‌ളോഗർക്ക് ചുട്ടമറുപടിയുമായി നടി ഗൗരി കിഷൻ. ഭാരം എത്രയെന്ന യൂട്യൂബറുടെ ചോദ്യത്തിനോടാണ് ഗൗരി രൂക്ഷമായി പ്രതികരിച്ചത്. സിനിമയുടെ പ്രചാരണത്തിനായുള്ള വാർത്താസമ്മേളനത്തിനിടെയാണ് സംഭവം. ശരീര ഭാരത്തെക്കുറിച്ചുള്ള ചോദ്യം വിഡ്ഢിത്തരമാണെന്ന് പറഞ്ഞ ഗൗരി ജി കിഷൻ നായികമാരെല്ലാം മെലിഞ്ഞിരിക്കണോയെന്നും ചോദിച്ചു. ചോദ്യത്തെ ന്യായീകരിച്ച് വ്‌ളോഗർ സംസാരിച്ചെങ്കിലും അപ്പോഴും ഗൗരി കിഷൻ മോശം ചോദ്യമാണെന്ന മറുപടി ആവര്‍ത്തിച്ചു.

അതേസമയം വാര്‍ത്താസമ്മേളനത്തിൽ ഗൗരിക്കൊപ്പമുണ്ടായിരുന്ന സംവിധായകൻ അബിൻ ഹരിഹരനും നായകൻ ആദിത്യ മാധവനും ഒന്നും പ്രതികരിക്കാതെ മൗനം പാലിച്ചു. ചോദ്യം ചോദിച്ച വ്‌ളോഗറെ സമാധാനിപ്പിക്കാനും പ്രശ്നമുണ്ടാക്കരുതെന്ന് പറയാനുമായിരുന്നു ഇരുവരും ശ്രമിച്ചത്.

സിനിമയിൽ ഇവരെ എടുത്ത് ഉയർത്തിയപ്പോൾ എന്തായിരുന്നു അവരുടെ ഭാരമെന്ന് ചിരിയോടെ വ്‌ളോഗർ നടനോട് ചോദിക്കുകയായിരുന്നു. ഈ ചോദ്യത്തോടെയാണ് ഗൗരി രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചത്. ഉയരം കുറഞ്ഞ ഇവരെ എന്തിനാണ് കാസ്റ്റ് ചെയ്തതെന്ന് സംവിധായകനോടും വ്‌ളോഗർ ചോദിച്ചു. ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് യൂട്യൂബേഴ്‌സ് കരുതുന്നതെന്നും താനും ജേർണലിസമാണ് പഠിച്ചതെന്നും ഗൗരി കിഷൻ പ്രതികരിച്ചു.50 ഓളം പുരുഷന്മാരുള്ള മുറിയിൽ എനിക്ക് ഒറ്റക്ക് സംസാരിക്കേണ്ടി വന്നുവെന്നും എന്‍റെ ടീം മെമ്പേഴ്‌സ് പോലും ഒന്നും പ്രതികരിച്ചില്ലെന്നും ഗൗരി പറഞ്ഞു. അതേസമയം, ഗൗരിയെ അഭിനന്ദിച്ച് ഗായിക ചിന്മയിയും രംഗത്തെത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!