പത്തനംതിട്ട: സമ്പൂർണ്ണ മദ്യനിരോധന മേഖലയായ ശബരിമല നിലയ്ക്കലിൽ ചാരായം പിടികൂടി എക്‌സൈസ്. കോന്നി സീതത്തോട് സ്വദേശി ജയകുമാർ, ആങ്ങമൂഴി സ്വദേശി നിശാന്ത് എന്നിവരെയാണ് ചാരായവുമായി അറസ്റ്റ് ചെയ്തത്.
പാർക്കിങ് ഗ്രൗണ്ടിലേക്കുള്ള വഴിയിൽ വച്ച് വാഹന പരിശോധനയ്ക്കിടയിൽ ഓട്ടോറിക്ഷയിൽ നിന്നാണ് രണ്ടു ലിറ്റർ ചാരായം പിടികൂടിയതെന്ന് എക്സൈസ് അറിയിച്ചു. മണ്ഡലകാലവുമായി ബന്ധപ്പെട്ട് സ്പെഷ്യൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന എക്സൈസ് സംഘമാണ് ചാരായം പിടികൂടിയത്.
നിലയ്ക്കലിൽ കടക്കാർക്കും, വാഹന ഡ്രൈവർമാർക്കും വിൽപ്പന നടത്താൻ കൊണ്ടുവന്ന ചാരായമാണ് പിടികൂടിയത്. സംസ്ഥാനത്ത് നിരോധിച്ച ചാരായം ചെറിയ അളവിൽ പോലും കൈവശം വയ്ക്കുന്നത് ജാമ്യം കിട്ടാത്ത കുറ്റകൃത്യമാണെന്നും എക്സൈസ് അറിയിച്ചു.
