പിടിക്കപ്പെടുമെന്നായപ്പോൾ രണ്ട് പെൺമക്കളെ കാറിൽ പൂട്ടിയിട്ട് അച്ഛൻ കടന്നു; പേടിച്ച് നിലവിളിച്ച് കുട്ടികൾ…ഒടുവിൽ…

കാഞ്ഞാർ : സ്വന്തം മക്കളെ മറയാക്കി മോഷണ കേസിലെ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നു. ഇടുക്കി കാഞ്ഞാറിലാണ് സംഭവം. മോഷണമടക്കം 13 കേസുകളിലെ പ്രതിയായ കരിങ്കുന്നം സ്വദേശി ശ്രീജിത്താണ് പൊലീസ് പിടികൂടുമെന്ന ഘട്ടത്തിൽ വാഹനത്തിൽ മക്കളെ പൂട്ടിയിട്ട് കടന്നുകളഞ്ഞത്.

കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പിടികിട്ടാപ്പുളളിയാണ് ശ്രീജിത്ത്. ഇയാളുടെ മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ മനസിലാക്കി, കാഞ്ഞാർ പൊലീസിനൊപ്പം കോഴിക്കോടു നിന്നുളള അന്വേഷണ സംഘവും പിൻതുടരുകയായിരുന്നു. വാഹനം തടഞ്ഞുനിർത്തി ഇയാളെ അറസ്റ്റ് ചെയ്യാനായിരുന്നു നീക്കം. എന്നാൽ പൊലീസിനെ കണ്ട് ഇയാൾ കാഞ്ഞാർ കാവുംപടിയിലെ ചെറുവഴിയിലൂടെ രക്ഷപ്പെടാൻ ശ്രമിച്ചു.

വാഹനം മുന്നോട്ട് പോകാൻ കഴിയാത്ത ഘട്ടത്തിലെത്തിയപ്പോഴാണ് ഒപ്പമുണ്ടായിരുന്ന അഞ്ചിലും മൂന്നിലും പഠിക്കുന്ന പെൺമക്കളെ വാഹനത്തിൽ പൂട്ടിയിട്ട ശേഷം ശ്രീജിത്ത് ഓടിരക്ഷപ്പെട്ടത്. ഭയന്ന കുട്ടികൾ കരച്ചിൽ തുടങ്ങി. ഇതോടെ, കളളനെ പിടികൂടാനുളള ശ്രമം മാറ്റിവച്ച് കുട്ടികളെ രക്ഷിക്കാൻ പൊലീസിറങ്ങി. ശ്രീജിത്തിൻ്റെ ഭാര്യയുടെ നമ്പർ സംഘടിപ്പിച്ച് സ്പെയർ താക്കോലെത്തിച്ച് കുട്ടികളെ പുറത്തിറക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!