പുലർച്ചെ മൂന്ന് മണിയ്ക്ക് വീട്ടിലെത്തി, ജനൽ ചില്ലുകളും വീട്ടുപകരങ്ങളും അടിച്ചു തകർത്തു… പിടിയിലായത്..

ഇടുക്കി : പുളിയന്മലയിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ പരാക്രമം. പുളിയൻ മല സ്വദേശിയായ ഇളം പുരയിടത്തിൽ വിനോദിന്റെ വീട്ടിലെത്തിയ തൊഴിലാളി വീടിൻ്റെ ജനൽ ചില്ലുകളും വീട്ടുപകരങ്ങളും അടിച്ചു തകർത്തു. അക്രമം നടത്തിയയാളെ നാട്ടുകാർ ചേർന്ന് പിടികൂടി വണ്ടൻമേട് പോലീസിന് കൈമാറി

പുലർച്ചെ മൂന്ന് മണിയോടെയാണ് പുളിയൻമലയിലെ വിനോദിന്റെ വീട്ടിൽ ഇതര സംസ്ഥാന തൊഴിലാളിയെത്തിയത്. തുടർന്ന് യാതൊരു പ്രകോപനവുമില്ലാതെ വീടിൻ്റെ ജനൽ ചില്ലകൾ അടിച്ചു തകർത്തു. ശബ്ദം കേട്ട് ഉണ‍ർന്ന വീട്ടുകാർ ലൈറ്റ് ഇട്ടശേഷം സിസിടിവി പരിശോധിച്ചു. മുറ്റത്ത് ആരോ നിൽക്കുന്ന് കണ്ട് ലൈറ്റിട്ടതോടെ കയ്യിലിരുന്ന കമ്പിപ്പാര ഉപയോഗിച്ച് മുൻവശത്തെ ജനൽ ചില്ലുകൾ അടിച്ചു തകർക്കുകയായിരുന്നു.

തുടർന്ന് ജനാലയ്ക്ക് സമീപം ഇരുന്ന ടി വി, ലാപ്ടോപ്പ് എന്നിവ കുത്തി മറിച്ചിട്ടു. കതക് കമ്പിപ്പാര ഉപയോഗിച്ച് തുറക്കാൻ ശ്രമിച്ചു. ഇതോടെ വിനോദ് സമീപവാസികളെ ഫോൺ ചെയ്ത് വിവരമറിയിച്ചു. തൊഴിലാളി കൂടുതൽ അക്രമാസക്തനായതോടെ പ്രാണരക്ഷാർത്ഥം വീട്ടുകാർ ജനലിലൂടെ ഇയാളുടെ മുഖത്തേക്ക് മുളകുപൊടി എറിഞ്ഞു. ഇതോടെ ഇയാൾ കമ്പിപ്പാര ഉപേക്ഷിച്ചു. ഓടിയെത്തിയ സമീപവാസികൾ ഇയാളെ പിടികൂടി. തുടർന്ന് വണ്ടൻമോട് പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.

ഇയാളുടെ കയ്യിൽ തിരിച്ചറിയ‌ൽ രേഖകളും ഒന്നും ഉണ്ടായിരുന്നില്ല. തൊഴിലാളി നൽകിയ മൊബൈൽ നമ്പറിൽ പോലീസ് ബന്ധുക്കളെ അറിയിച്ചു. ഝാർഖണ്ഡ് സ്വദേശിയായ ഇയാൾ മാനസിക ആസ്വാസ്ഥ്യമുള്ളയാളാണെന്ന് ബന്ധുക്കൾ അറിയിച്ചു. വീട്ടുകാർക്ക് പരാതി ഇല്ലാത്തതിനാൽ ഇതര സംസ്ഥാന തൊഴിലാളികളെ എത്തിക്കുന്ന കരാറുകാരന് കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!