നികൃഷ്ട ജീവി മുതൽ രോമാഞ്ചം എന്നു വരെയുള്ള പ്രയോഗങ്ങൾ ക്രൈസ്തവ സഭാ നേതൃത്വത്തോടും വിശ്വാസികളോടുമുള്ള സി.പി.എം ഇരട്ടത്താപ്പ് : എൻ. ഹരി



കോട്ടയം : പ്രധാനമന്ത്രി നരേന്ദ്ര മോദി ക്രിസ്തുമസ് ദിനത്തിൽ ബിഷപ്പുമാർ ഉൾപ്പെടെയുള്ള ക്രൈസ്തവ സഹോദരൻമാരോടൊപ്പം സ്വവസതിയിൽ വിരുന്നിൽ പങ്കെടുക്കുകയും യേശു ദേവന്റെ ജീവിതവും ദർശനവും എങ്ങനെ മാനവികതയ്ക്കും, സ്നേഹത്തിനും , കരുതലിനും ദൃഷ്ടാന്തവും ഇന്ത്യൻ സാമൂഹിക അന്തരീക്ഷത്തിൽ അവ വരുത്തിയ പരിവർത്തനങ്ങൾക്കുമെല്ലാം നന്ദി സൂചകമായ സന്ദേശം നൽകുകയും ചെയ്തതിനെ ഇകഴ്ത്തിയ മന്ത്രി സജി ചെറിയാന്റെ പ്രസ്താവന തികഞ്ഞ അസംബന്ധമാണന്ന് ബിജെപി മധ്യമേഖലാ പ്രസിഡന്റ് എൻ. ഹരി

പിണറായി വിജയൻ പണ്ട് താമരശ്ശേരി ബിഷപ്പിനെ നികൃഷ്ടജീവി എന്ന് വിളിച്ച് അപമാനിച്ച സംഭവം തൊട്ട് സജി ചെറിയാന്റെ ഇന്നലത്തെ പരാമർശം വരെ സി.പിഎം ന്റെ ക്രിസ്ത്യൻ വിരുദ്ധതയെ ആണ് എടുത്തു കാണിക്കുന്നത്.

തങ്ങളുടെ ചൊൽപ്പടിയ്ക്ക് നിൽക്കാത്ത വിഭാഗങ്ങളെ എല്ലാ കാലവും കമ്മ്യൂണിസ്റ്റ് പാർട്ടി അസഹിഷ്ണുതയോടെ മാത്രമേ കണ്ടിട്ടുള്ളു.

രൂപതകളെയെല്ലാം രൂപതാ .. രൂപതാ … എന്ന് വിശേഷിപ്പിച്ച എം. എ ബേബിയും വിശ്വാസം ഇഴചേർത്ത ആഹാരമായ കേക്കിന്റെ കഷ്ണവും, വീഞ്ഞും പ്രധാനമന്ത്രിയിൽ നിന്നും ലഭിച്ചപ്പോൾ രോമാഞ്ചമുണ്ടായി എന്നും പറഞ്ഞ് അധിക്ഷേപിച്ച സജി ചെറിയാനും കമ്മ്യൂണിസ്റ്റ് കാപട്യത്തിന്റെ യഥാർത്ഥ മുഖങ്ങളാണ്.

ക്രൈസ്തവ സമൂഹം ഇന്ന് നേരിടുന്ന സാമൂഹിക സാംസ്കാരിക പ്രതിസന്ധികളെ അതിജീവിക്കാൻ സഹായിക്കുന്നതിന് പകരം ഭീതിയും പരിഹാസവും നിറച്ച് അവരെ പാർശ്വവൽക്കരിക്കാനുള്ള ശ്രമമാണ് കേരളത്തിൽ നടക്കുന്നത്. ഇതിന് മറ പിടിക്കാൻ മണിപ്പൂരിലുണ്ടായ ഗോത്ര വർഗ്ഗ കലാപത്തെ ക്രിസ്ത്യൻ സംഘപരിവാർ കലാപമായി ചിത്രീകരിക്കാൻ ശ്രമിച്ച് പരാജയപ്പെട്ടതിന്റെ ജാള്യത മറയ്ക്കാൻ വേണ്ടി കൂടിയാണ് ഇത്തരം അധിക്ഷേപം നടത്തുന്നത്.

മണിപ്പൂർ കലാപം കേരളത്തിലെ കലത്തിൽ വേവുന്ന പരിപ്പല്ല എന്ന ഉത്തമബോധ്യം ഇവറ്റകൾക്കുണ്ടായപ്പോൾ മുതൽ ക്രൈസ്തവരെ ദേശീയ ധാരയിൽ നിന്നും അകറ്റാനുള്ള നീചശ്രമം ആരംഭിച്ചു. കേരളത്തിലെ ക്രൈസ്തവ സമുഹം ഈ ശ്രമം തിരിച്ചറിഞ്ഞ് തള്ളി കളഞ്ഞപ്പോൾ മുതൽ ഇവർ ഭയപ്പാടിലാണ്.

കേരളത്തിൽ മതേതരത്വം ഇപ്പോൾ ഒരു വിഭാഗത്തെ മാത്രം രക്ഷിക്കാനും തൃപ്തിപ്പെടുത്താനും ഉപയോഗിക്കുന്ന ഒരു ആയുധമാണ് എന്നത് ഒരു പൊതു ബോധ്യമായിട്ടുണ്ട്. ഇതിന് ചുക്കാൻ പിടിക്കുന്നത് സി.പി. എം ആണ് എന്നത് പകൽ പോലെ വ്യക്തവുമാണെന്ന് ഹരി ചൂണ്ടിക്കാട്ടി.



Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!