മന്നം ജയന്തി ആഘോഷം ആരംഭിച്ചു; വംശീയ വിവേചനം വര്‍ദ്ധിപ്പിക്കുന്ന
ജാതിസെന്‍സസ് ഉപേക്ഷിക്കണം:
ജി. സുകുമാരന്‍ നായര്‍


ചങ്ങനാശ്ശേരി : ജാതിസംവരണം വംശീയമായ വിവേചനം വര്‍ദ്ധിപ്പിക്കുന്നതിനും വിവിധ ജാതികള്‍ തമ്മിലുളള സ്പര്‍ദ്ധയ്ക്കും ഇടയാക്കുന്നതാണെന്നും ഈ സാഹചര്യത്തില്‍ ജാതിതിരിച്ചുള്ള സെന്‍സസ് ഉപേക്ഷിക്കണെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. പെരുന്നയില്‍ ഇന്നലെ നടന്ന അഖിലകേരള നായര്‍ പ്രതിനിധി സമ്മേളനത്തില്‍ വിശദീകരണ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരില്‍ ജനങ്ങളില്‍ ചേരിതിരിവുണ്ടാക്കി, മതേതരത്വവും ജനാധിപത്യവും തകര്‍ക്കാനുള്ള ചിലരുടെ ശ്രമങ്ങള്‍ അപലപനീയമാണ്. ഇത്തരം പ്രചാരണങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കുമെതിരായി സമൂഹനന്മ, സാമൂഹ്യനീതി, മതേതരത്വം, ജനാധിപത്യം എന്നിവ സംരക്ഷിക്കാന്‍ ആവശ്യമായ നിലപാടാണ് എന്‍എസ്എസിനുള്ളത്.


പൊതുവിദ്യാഭ്യാസരംഗത്തായാലും ഉന്നതവിദ്യാഭ്യാസരംഗത്തായാലും എയിഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന തെറ്റായ നയങ്ങള്‍ തിരുത്തണമെന്നുള്ള ആവശ്യം അതതുസമയത്തുതന്നെ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.
നവമാധ്യമങ്ങളിലൂടെ എന്‍എസ്എസിനെതിരെ ചില വ്യാജ പ്രചാരണങ്ങള്‍ നടത്താന്‍ ശ്രമിക്കുകയാണ്. എന്‍എസ്എസിന്റെ ഭരണഘടന മാറ്റിയെഴുതണമെന്നാണ് ചിലര്‍ ആവശ്യപ്പെടുന്നത്. മന്നത്ത് പത്മനാഭവന്‍ എഴുതിയുണ്ടാക്കിയ ഭരണഘടനയില്‍ ഒരു മഷിത്തുള്ളിപോലും വീഴാന്‍ അനുവദിക്കില്ല, മാറ്റിയെഴുതേണ്ട സാഹചര്യവുമില്ല. അത്രകണ്ട് ദീര്‍ഘദര്‍ശനത്തോടെയുള്ളതാണത്. സമുദായം ഒറ്റക്കെട്ടായി നിന്നില്ലെങ്കില്‍ വരുംകാലത്ത് നാം ഒറ്റപ്പെട്ടുപോകും. സമുദായത്തെ സഹായിക്കാന്‍ ഒരാളും കാണില്ല. കോണ്‍ഗ്രസുകാര് അന്വേഷിച്ച് വരത്തില്ല. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ചിരിച്ച് കയറിവരും.

ആശയപ്രസ്ഥാനങ്ങളാണെങ്കിലും സര്‍ക്കാരുകളാണെങ്കിലും സമുദായത്തെ സഹായിക്കാന്‍ ആരും ഉണ്ടാവില്ല. രാഷ്ട്രീയക്കാര്‍ക്ക് ജയിക്കണമെങ്കില്‍ അവര്‍ക്ക് ന്യൂനപക്ഷങ്ങളെ പ്രീണിപ്പിച്ചാല്‍ മതിയെന്ന ധാരണയാണ്. അവര്‍ക്ക് അനുകൂലമായ നിയമങ്ങള്‍ ഉണ്ടാക്കുന്നു. അവര്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാക്കുന്നു.
സമുദായ അംഗങ്ങള്‍ക്ക് ഏതു രാഷ്ട്രീയ പാര്‍ട്ടിയിലും പ്രവര്‍ത്തിക്കാം. എന്നാല്‍ പെറ്റതള്ളയെ തള്ളിപ്പറയരുത്. സമുദായം മറ്റുള്ളവരുടെ മുന്നില്‍ പിടിച്ചു നില്‍ക്കുന്നത് മന്നത്ത് പത്മനാഭന്റെ ശക്തികൊണ്ടുമാത്രമാണ്. സംഘടനക്കെതിരെ ദുഷ്പ്രചാരണം നടത്തുന്നവര്‍ മഴയത്തുപോലും കരയോഗത്തിന്റെയോ താലൂക്ക് യൂണിയന്റെയോ തിണ്ണയില്‍ പോലും കയറിനില്‍ക്കാത്തവരാണ്.

അതിശക്തമായ അടിത്തറയുള്ള പ്രസ്ഥാനമാണ് എന്‍എസ്എസ്. ഒരു പ്രതിസന്ധിയുണ്ടായാല്‍ ഒറ്റക്കെട്ടായി നില്‍ക്കുന്നതാണ് സംഘടനയുടെ രീതിയെന്നും ജി. സുകുമാരന്‍ നായര്‍ വ്യക്തമാക്കി.


എന്‍എസ്എസ് പ്രസിഡന്റ് ഡോ. എം. ശശികുമാര്‍ അധ്യക്ഷനായി. സംഘടനയെ ശക്തിപ്പെടുത്തുന്നതിന് ഒറ്റക്കെട്ടായി നീങ്ങണമെന്ന് ഡോ. എം. ശശികുമാര്‍ പറഞ്ഞു. സമുദായ പുരോഗതിയിലൂടെ സമൂഹത്തിന്റെയും രാജ്യത്തിന്റെയും നന്മക്കുവേണ്ടിയുള്ള പ്രവര്‍ത്തനമാണ് എന്‍എസ്എസ് നടത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ട്രഷറര്‍ എന്‍.വി. അയ്യപ്പന്‍പിള്ള, വൈസ് പ്രസിഡന്റ് എം. സംഗീത്കുമാര്‍, കൗണ്‍സിലംഗം ഹരികുമാര്‍ കോയിക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍, താലൂക്ക് യൂണിയന്‍ ഭാരവാഹികള്‍ തുടങ്ങിയവരും വേദിയില്‍ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!