യുകെയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ യുവാവ് അറസ്റ്റിൽ…

മാന്നാർ(ആലപ്പുഴ) : യുകെയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ യുവാവിനെ മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു. കടപ്ര കിഴക്കുംഭാഗം കിഴക്കേ തേവർക്കുഴിയിൽ വീട്ടിൽ അജിൻ ജോർജ് (30) ആണ് അറസ്റ്റിലായത്.

ചെന്നിത്തല കാരാഴ്മ മൂലയിൽ വീട്ടിൽ സാം യോഹന്നാൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മാന്നാർ പൊലീസ് നടത്തിയ അന്വേഷണത്തിൽ തൃശ്ശൂർ ഒല്ലൂരിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
പ്രവാസിയായ സാം യോഹന്നാൻ സുഹൃത്ത് വഴി അജിൻ ജോർജിനെ പരിചയപെടുകയും സാമിനും ഭാര്യക്കും യുകെയിൽ ജോലി നൽകാം എന്ന് വാഗ്ദാനം ചെയ്ത പ്രതി 2 ലക്ഷം രൂപ വാങ്ങിക്കുകയും ചെയ്തു. തുടർന്ന് ഒക്ടോബർ നാലിന് മെഡിക്കൽ എടുക്കുന്നതിന് എത്തണമെന്ന് പ്രതി അറിയിച്ചതനുസരിച്ച് സാമും ഭാര്യയും പുറപ്പെടുകയും ഇടയ്ക്ക് ഫോണിൽ ബന്ധപ്പെട്ടപ്പോൾ പ്രതിയുടെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിൽ ചതിക്കപ്പെടുകയാണെന്ന് മനസ്സിലാക്കിയ സാം മാന്നാർ പൊലീസിൽ പരാതി നൽകുകയുമായിരുന്നു. എളമക്കര സ്റ്റേഷൻ പരിധിയിൽ യുവതിയിൽ നിന്നും 42 ലക്ഷം രൂപ തട്ടിയെടുത്തത് ഉൾപ്പടെ മലപ്പുറം, പെരിന്തൽമണ്ണ, കോട്ടയം, എറണാകുളം, കൊല്ലം ജില്ലകളിലായി പ്രതിയുടെ പേരിൽ സമാനമായ നിരവധി കേസുകളാണ് ഉള്ളത്.

സോഷ്യൽ മീഡിയ വഴി പരിചയപ്പെടുന്ന നഴ്സിംഗ് സ്റ്റുഡൻസിനെയും സ്ത്രീകളെയുമാണ് കൂടുതലായും പ്രതി വലയിലാക്കിയത്. ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം സൈബർ സെല്ലിന്റെ സഹായത്തോടെ മാന്നാർ പൊലീസ് ഇൻസ്പെക്ടർ എ അനീഷ്, എസ് ഐ അഭിരാം, എ എസ് ഐ റിയാസ്, എസ്‌സിപിഒ സാജിദ്, സി പി ഒമാരായ ഹരിപ്രസാദ്, അജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!