തൃശൂരിൽ പ്രധാനമന്ത്രിയുടെ ഫ്‌ളക്‌സ് ബോർഡുകൾ എടുത്തുമാറ്റി കോർപ്പറേഷൻ; പ്രതിഷേധം; ഒടുവിൽ തിരിച്ചുവെച്ചു തടിതപ്പി


തൃശൂർ : പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വാഗതം ചെയ്ത് തൃശൂർ നഗരത്തിൽ വെച്ചിരുന്ന ഫ്‌ളക്‌സ് ബോർഡുകൾ എടുത്തുമാറ്റി കോർപ്പറേഷൻ. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ കഴിഞ്ഞ മാസം നടന്ന നവകേരള സദസ്സിന് നഗരം മുഴുവൻ ഫ്‌ളക്‌സ് ബോർഡുകൾ വെച്ചിട്ടും കണ്ണടച്ച കോർപ്പറേഷനാണ് പ്രധാനമന്ത്രിയുടെ ബോർഡുകൾ നീക്കം ചെയ്യാൻ ജീവനക്കാരോട് നിർദ്ദേശിച്ചത്.

അപകടകരമായി ഫ്‌ളക്‌സ് ബോർഡുകൾ സ്ഥാപിച്ചുവെന്ന് പറഞ്ഞായിരുന്നു നീക്കം. സംഭവത്തെ തുടർന്ന് മോദിജിയെ സ്വാഗതം ചെയ്യുന്ന ഫ്‌ളക്‌സ് ബോർഡുമായി ബിജെപി പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. കോർപ്പറേഷൻ ഓഫീസിന് മുൻപിൽ ഫ്‌ളക്‌സ് ബോർഡും ബിജെപിയുടെ കൊടിയും സ്ഥാപിക്കുകയും ചെയ്തു.

പ്രതിഷേധം ശക്തമായതോടെ ഫ്‌ളക്‌സുകൾ എടുത്തുമാറ്റിയ ജീവനക്കാരെക്കൊണ്ടു തന്നെ ബോർഡുകൾ കോർപ്പറേഷൻ തിരികെ വെപ്പിച്ചു. പ്രധാനമന്ത്രിയെ സ്വീകരിക്കാൻ ബോർഡുകൾ സ്ഥാപിക്കുന്നത് പുതിയ സംഭവമല്ല. പരിപാടി അലങ്കോലമാക്കാനും പരാജയപ്പെടുത്താനുമുളള സിപിഎമ്മിന്റെ രാഷ്്ട്രീയ തീരുമാനം അനുസരിച്ചാണ് ബോർഡുകൾ അഴിച്ചുമാറ്റിയതെന്ന് ബിജെപി ജില്ലാ അധ്യക്ഷൻ കെകെ അനീഷ് കുമാർ ആരോപിച്ചു.

പിണറായി വിജയന്റെ ബോർഡുകൾ തട്ടി വഴി നടക്കാൻ പറ്റാത്ത സാഹചര്യം ഉണ്ടായിരുന്നു. ആയിരക്കണക്കിന് ബോർഡുകൾ അപകടകരമായി സ്ഥാപിച്ചിട്ടുപോലും അന്ന് ആരും എടുത്തുമാറ്റിയില്ല. സ്വന്തം ഫ്‌ളക്‌സ് ബോർഡുകൾ നഗരത്തിൽ സ്ഥാപിക്കുന്ന മേയറാണ് പ്രധാനമന്ത്രിയുടെ ബേർഡ് അഴിച്ചുമാറ്റുന്നത്. ഇനി ഫ്‌ളക്‌സ് ബോർഡ് അഴിച്ചാൽ മേയറുടെ കസേരയിൽ കയറി കെട്ടുമെന്നും കെകെ അനീഷ് കുമാർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!