സ്‌ഫോടക വസ്തു ഉപയോഗിച്ച് കാട്ടുപന്നികളെ വേട്ടയാടുന്ന സംഘം പിടിയിൽ

തൃശൂര്‍  : സ്‌ഫോടക വസ്തു ഉപയോഗിച്ച് കാട്ടുപന്നികളെ വേട്ടയാടുന്ന സംഘം പിടിയിൽ. പാലക്കാട് മങ്കര സ്വദേശി രാജേഷ് (37), തിരുവില്വാമല പാലക്ക പറമ്പ് സ്വദേശി പ്രകാശന്‍ (47), മുണ്ടൂര്‍ സ്വദേശിയായ മോനു എന്ന റഷീദ് ഖാന്‍ (53), തിരുവില്വാമല കുത്താമ്പുള്ളി  സ്വദേശി പെരുമാള്‍ (39), പഴയ ലക്കിടി സ്വദേശി സനീഷ് (40) എന്നിവരെയാണ്  പഴയന്നൂര്‍ പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

കാട്ടുപന്നികളെ നിരന്തരമായി സ്‌ഫോടക വസ്തു  ഉപയോഗിച്ച് കൊന്ന് ഇറച്ചിയാക്കി വില്‍പ്പന നടത്തുന്നതാണ് അഞ്ചംഗ സംഘത്തിന്റെ രീതി.

കാട്ടുപന്നി ഇറച്ചി കിലോയ്ക്ക്  300 മുതല്‍ 400 രൂപ വരെ ആവശ്യക്കാരില്‍നിന്നും വില ഈടാക്കിയാണ് വില്‍പ്പന നടത്തിയിരുന്നത്.
ഈ പണം ആര്‍ഭാട ജീവിതം നയിക്കുവാനാണ് പ്രതികൾ ഉപയോഗിച്ചിരുന്നത്.

അന്യസംസ്ഥാനങ്ങളിലും മറ്റും യാത്ര നടത്തുന്നത് ഇവരുടെ പതിവ് രീതിയാണെന്നും പൊലീസ് പറഞ്ഞു.
രണ്ടുദിവസം മുമ്പ് പഴയന്നൂര്‍ സ്‌കൂള്‍ കോമ്പൗണ്ടില്‍ പന്നിപ്പടക്കം ചവിട്ടി വിദ്യാര്‍ഥിക്ക് പരുക്കേറ്റിരുന്നു.
ഇതിനെതുടര്‍ന്ന്  പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. പിടിയിലായ  പെരുമാളുടെ വീട്ടില്‍നിന്നും പാചകം ചെയ്ത രണ്ട് കിലോ കാട്ടുപന്നി ഇറച്ചിയും ലഭിച്ചിട്ടുണ്ട്. 

ജില്ലാ പൊലീസ് മേധാവി ആര്‍. ഇളങ്കോയുടെ നിര്‍ദേശാനുസരണം പഴയന്നൂര്‍ സി.ഐ. കെ.എ. മുഹമ്മദ് ബഷീറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

എസ്.ഐ. എം.വി. പൗലോസ്, ഗ്രേഡ് എസ്.ഐ മാരായ കെ.ആര്‍. പ്രദീപ് കുമാര്‍, കെ.വി. സുരേന്ദ്രന്‍, എ.എസ്.ഐ. അജിത് കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ എം. ശിവകുമാര്‍, വി. വിപിന്‍, പി. പ്രജിത്ത്, സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനായ കെ.വി. നൗഫല്‍ തുടങ്ങിയവര്‍ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. കേസിൽ ഇനിയും നിരവധിപേരെ പിടികൂടാനുണ്ടെന്ന് പൊലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!