ക്രെഡിറ്റ് കാര്‍ഡിന്റെ പേരില്‍ സൈബര്‍ തട്ടിപ്പ്;
യുവാവിന് 17,000 രൂപ നഷ്ടമായി



തൊടുപുഴ: ദേശസാല്‍കൃത ബാങ്കിന്റെ പേരില്‍ നടന്ന സൈബര്‍ തട്ടിപ്പില്‍ യുവാവിന്റെ പതിനേഴായിരം രൂപ നഷ്ടമായി. ക്രെഡിറ്റ് കാര്‍ഡ് നല്‍കുമെന്ന ഫേസ്ബുക്ക് പരസ്യം കണ്ട് ഫോണില്‍ ബന്ധപ്പെട്ട ആലക്കോട് മീന്‍മുട്ടി സ്വദേശിയായ യുവാവിന്റെ പണമാണ് നഷ്ടപ്പെട്ടത്.

മൂന്ന് മണിക്കൂറിനകം തിരിച്ച് വിളിക്കുമെന്ന് പറഞ്ഞെങ്കിലും 15 മിനിറ്റിനിടയില്‍ തന്നെ ലിങ്ക് അയക്കുകയും ഫോണില്‍ വിളിച്ച് കെവൈസി പൂരിപ്പിച്ചയക്കാനും ആധാറിന്റെ കോപ്പി അപ്ലോഡ് ചെയ്യാനും ആവശ്യപ്പെടുകയായിരുന്നു. ലിങ്കിലെ ഫോം പൂരിപ്പിച്ച് ജോയിന്‍ ചെയ്തതോടെ ഹാക്ക് ചെയ്യപ്പെട്ടു എന്ന് മനസ്സിലാക്കിയ യുവാവ് ഉടന്‍ ഇത് കെട്ട് ചെയ്തു.

ബാങ്കില്‍ അറിയിച്ചുവെങ്കിലും, രണ്ട് ബാങ്കുകളില്‍ ആയി സൂക്ഷിച്ചിരുന്ന പണം നഷ്ടപ്പെട്ടിരുന്നു. തൊടുപുഴ പോലീസിലും സൈബര്‍ സെല്ലിലും യുവാവ് പരാതി നല്‍കിയിട്ടുണ്ട്. കൃത്യമായി തിരിച്ചടക്കുന്നവര്‍ക്ക് പലിശ രഹിത ക്രെഡിറ്റ് കാര്‍ഡ് വാഗ്ദാനം ചെയ്ത് ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ നവമാധ്യമങ്ങള്‍ മുഖേന വ്യാപകമായി പ്രചരിക്കുന്നതിനാല്‍ നിരവധി ആളുകള്‍ തട്ടിപ്പില്‍പ്പെട്ടിട്ടുണ്ടാകുമെന്നാണ് സൂചന.

പരാതിയുമായി തൊടുപുഴയിലെ പുതുതലമുറ ബാങ്കില്‍ എത്തിയപ്പോള്‍ അഞ്ച് ലക്ഷം രൂപവരെ ഇത്തരത്തില്‍ നഷ്ടപ്പെട്ട പരാതി ലഭിച്ചിട്ടുണ്ട്.

അതേ സമയം കഴിഞ്ഞ ദിവസം ഉടുമ്പന്‍ചോല ചെമ്മണ്ണാര്‍ സ്വദേശിയില്‍ നിന്ന് അമ്പതിനായിരം രൂപ ലോണ്‍ നല്‍കാമെന്ന് പറഞ്ഞ് അജ്ഞാതന്റെ വാട്സാപ്പ് സന്ദേശം വന്നിരുന്നു. ഇത് പ്രകാരം ലഭിച്ച ലിങ്ക് വഴി വിവരം ശേഖരിച്ച ശേഷം ലോണ്‍ നടപടികളുടെ ആവശ്യത്തിനെന്ന് പറഞ്ഞ് പലസമയത്തായി 43,500 രൂപ തട്ടിയിരുന്നു. പേറ്റിഎം ആപ്പ് വഴിയാണ് പണം ട്രാന്‍സ്ഫര്‍ ചെയ്തത്. സംഭവത്തില്‍ ഉടുമ്പന്‍ചോല പോലീസ് കേസെടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!