‘വിശുദ്ധ റംസാനിലെ ധീര രക്തസാക്ഷിത്വം’; ആയത്തുള്ള അലി ഖമനേയിയെ അനുസ്മരിച്ച് മുനവ്വറലി ശിഹാബ് തങ്ങൾ

കോഴിക്കോട്: ഇസ്രയേൽ-യുഎസ് സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയെ അനുസ്മരിച്ച് മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറിയും യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റുമായ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ. അനീതിക്കെതിരെയുള്ള ചെറുതും വലുതുമായ എല്ലാ പോരാട്ടങ്ങൾക്കും എക്കാലത്തും പ്രചോദനമായ ജീവിതവും രക്തസാക്ഷിത്വവുമാണ് ഖമനേയിയുടേതെന്ന് അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

മുനവ്വറലി ശിഹാബ് തങ്ങളുടെ കുറിപ്പ്

ആയത്തുള്ള സയ്യിദ് അലി ഖമേനി.ധൈര്യവും ആത്മാഭിമാനവും മരണത്തിനുമുന്നിലും അപൂർവമായ നിർഭയത്വവും കൊണ്ട് നിർവചിക്കപ്പെട്ട ജീവിതം. വിശുദ്ധ റമളാനിലെ ആ ധീര രക്തസാക്ഷിത്വം അല്ലാഹു സ്വീകരിക്കുമാറാകട്ടെ.

സാമ്രാജ്യത്വ സയണിസ്റ്റ് നെക്സസിന്റെ അനീതിക്കെതിരെ അദ്ദേഹം ഒരിക്കൽ പോലും തലകുനിച്ചില്ല; പകരം, അന്തസ്സും ആത്മാഭിമാനവും ഉയർത്തിപ്പിടിച്ച് ഒരു വിപ്ലവകാരിയുടെ ഉറച്ച മനസ്സോടെ പോരാടി. ദുഃഖത്തിലും നിശ്ശബ്ദത ഒരു ഓപ്ഷനല്ല. സാമ്രാജ്യത്വ അധിനിവേശത്തിന്റെ ക്രൂരമായ ഗതി മനുഷ്യരാശിയുടെ മേലുള്ള തീരാക്കളങ്കമായി തുടരുന്നു.

ധാർമ്മിക വ്യക്തതയും നീതിക്കായുള്ള പ്രതിരോധവും അത് ലോകത്തോട് നിരന്തരം ആവശ്യപ്പെടുന്നു. അതിശക്തരുടെ എല്ലാ അനീതികൾക്ക് മുമ്പിലും കൈകൾ കൂപ്പി മുട്ടിലിഴയുന്നവരുടെ കാലത്ത്, മരണത്തെ നേർക്കുനേർ കണ്ടിട്ടും അചഞ്ചലമായ ധീരതയോടെ അദ്ദേഹം നിലകൊണ്ടു.

അനീതിക്കെതിരെയുള്ള ചെറുതും വലുതുമായ എല്ലാ പോരാട്ടങ്ങൾക്കും എക്കാലത്തും പ്രചോദനമായ ജീവിതവും രക്തസാക്ഷിത്വവും.ഹസ്ബുനള്ളാഹ്. സർവ്വശക്തൻ അദ്ദേഹത്തിന്റെ ആത്മാവിന് സമാധാനവും, അടിച്ചമർത്തപ്പെടുന്നവർക്ക് ശക്തിയും നൽകട്ടെ; നീതിയിലേക്കും സത്യത്തിലേക്കും കാരുണ്യത്തിലേക്കും ലോകത്തെ ഉണർത്തട്ടെ.

അമേരിക്കയുടെയും ഇസ്രായേലിന്റെയും ആക്രമണത്തെത്തുടർന്ന് പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന സാഹചര്യത്തിലാണ് കേരളത്തിലെ രാഷ്ട്രീയ-സാമൂഹിക മണ്ഡലങ്ങളിൽ നിന്നും ഇത്തരം പ്രതികരണങ്ങൾ ഉണ്ടാകുന്നത്. ഖമനേയിയുടെ മരണം മിഡിൽ ഈസ്റ്റിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്തുമെന്ന് മുനവ്വറലി തങ്ങൾ നിരീക്ഷിച്ചു. അന്താരാഷ്ട്ര തലത്തിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന ഈ സൈനിക നീക്കത്തെ ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം സൂചിപ്പിച്ചു. 

സമാധാനകാംക്ഷികളായ ജനങ്ങൾക്കിടയിൽ ഖമനേയിയുടെ വിയോഗം വലിയ ശൂന്യത സൃഷ്ടിക്കുമെന്നും തങ്ങൾ പറഞ്ഞു.


തങ്ങളുടെ കുറിപ്പ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. രാഷ്ട്രീയ ഭേദമന്യേ പലരും ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തുന്നുണ്ട്.അതിനിടെ, ഇറാന്റെ വരാനിരിക്കുന്ന തിരിച്ചടികളെക്കുറിച്ച് ലോകരാജ്യങ്ങൾ ആശങ്ക പ്രകടിപ്പിച്ചു. ഖമനേയിയുടെ വധത്തിന് പകരം ചോദിക്കുമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ മിസൈൽ ആക്രമണങ്ങൾ തുടരുകയാണ്. യുഎഇ, കുവൈത്ത്, ഒമാൻ തുടങ്ങിയ രാജ്യങ്ങളിലെ വിമാനത്താവളങ്ങളെയും തുറമുഖങ്ങളെയും ഈ സംഘർഷം നേരിട്ട് ബാധിച്ചു.ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ തങ്ങളുടെ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നീക്കങ്ങൾ സജീവമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ യുദ്ധം കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുമോ എന്ന ഭീതിയിലാണ് പ്രവാസി സമൂഹം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!