സി പിഐ നേതാവും വൈക്കം മുൻ എംഎല്‍എയുമായ കെ. അജിത് ബിജെപിയിൽ…

തിരുവനന്തപുരം : സി പിഐ നേതാവും വൈക്കം മുൻ എംഎല്‍എയുമായ കെ. അജിത് ബിജെപിയില്‍ ചേർന്നു.

തിരുവനന്തപുരത്തെ ബിജെപി ആസ്ഥാനമായ മാരാർജി ഭവനില്‍ നടന്ന ചടങ്ങിലാണ് ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറില്‍ നിന്നും കെ അജിത് അംഗത്വം സ്വീകരിച്ചത്.

രണ്ട് തവണയായി 2006 മുതല്‍ 2016 വരെ 10 കൊല്ലം വൈക്കം സംവരണ മണ്ഡലത്തില്‍ നിന്ന് എംഎല്‍എ ആയിരുന്നു അജിത്.

തന്റെ ബിജെപി പ്രവേശനം പെട്ടെന്നെടുത്ത ഒരു തീരുമാനമല്ലെന്ന് അജിത് വ്യക്തമാക്കി.

ദളിത് വിഭാഗങ്ങള്‍ക്ക് സർക്കാരില്‍ നിന്ന് അർഹമായ ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ലെന്നും അത് നേടിയെടുക്കാൻ പ്രതിപക്ഷത്തിന് കഴിയുന്നില്ലെന്നും ബിജെപി അംഗത്വം സ്വീകരിച്ച ശേഷം അദ്ദേഹം പ്രതികരിച്ചു.

തന്റെ അതൃപ്തി നേരത്തെതന്നെ സിപിഐ നേതൃത്വത്തെ അറിയിച്ചിരുന്നെങ്കിലും ആറുമാസം പിന്നിട്ടിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്നും അജിത് കൂട്ടിച്ചേർത്തു.

പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളില്‍ നിന്നുള്ളവരെ രാഷ്ട്രപതി സ്ഥാനത്തേക്ക് എത്തിച്ചത് ബിജെപിയാണെന്നും ആ പാർട്ടിയില്‍ തനിക്ക് വലിയ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വൈക്കത്തെ ജനങ്ങളോട് ഭരണ-പ്രതിപക്ഷങ്ങള്‍ നീതി കാണിച്ചില്ലെന്നും വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട പരിപാടികള്‍ കേവലം രാഷ്ട്രീയ ലക്ഷ്യം മാത്രമുള്ളവയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

തന്റെ ജനവിഭാഗത്തെ സംരക്ഷിക്കാനും വൈക്കത്ത് പുതിയൊരു വികസന മാറ്റം കൊണ്ടുവരാനും ബിജെപിക്ക് കഴിയുമെന്ന് വിശ്വസിക്കുന്നതായും കെ. അജിത് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!