പത്തനംതിട്ട : റാന്നി പെരുനാട് മഠത്തുംമൂഴിയില്‍ ലോഡിങ് തൊഴിലാളിയായ സി ഐ.ടി.യു പ്രവർത്തകൻ ജിതിൻ എന്ന യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ പ്രതികള്‍ സജീവ സിപിഎം പ്രവർത്തകർ.
പ്രതിപ്പട്ടികയിലുള്ള നിഖിലേഷും സുമിത്തും മിഥുനും സജീവ പാർട്ടി പ്രവർത്തകരാണ്. പ്രതിപ്പട്ടികയിലുള്ള നിഖിലേഷ് പെരുനാട് സിഐടിയു ടിപ്പർ ഡ്രൈവർ യൂണിയൻ മെമ്പറാണ്. മറ്റൊരു പ്രതി സുമിത്ത് ഡിവൈഎഫ്‌ഐ പ്രവർത്തകൻ. ഡിവൈഎഫ്‌ഐ മടുത്തുമൂഴി യൂണിറ്റ് കമ്മിറ്റി ജോ. സെക്രട്ടറി മിഥുൻ മധുവും പ്രതിയാണ്.
ജിതിന്‍റെ കൊലപാതകത്തില്‍ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അഖില്‍, ശാരോണ്‍, ആരോമല്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. കേസില്‍ ആകെ എട്ടു പ്രതികളാണ് ഉള്ളത്. നിഖിലേഷ്, വിഷ്ണു, സുമിത്ത്, മനീഷ്, മിഥുന്‍, എന്നിവരാണ് മറ്റു പ്രതികള്‍. കൊല്ലപ്പെട്ട ജിതിനൊപ്പമുണ്ടായിരുന്ന അനന്തുവിനെ പ്രതികള്‍ ആക്രമിച്ച സമയത്ത് തടസം നില്‍ക്കാനെത്തിയപ്പോഴാണ് ജിതിനെ ആക്രമിച്ചതെന്ന് എഫ്.ഐ.ആറില്‍ പറയുന്നു.
ഞായറാഴ്ച രാത്രി പത്തോടെ പെരുനാട് മഠത്തുംമൂഴി കൊച്ചുപാലത്തിന് സമീപമുണ്ടായ സംഘര്‍ഷത്തിലാണ് സി.ഐ.ടി.യു പ്രവര്‍ത്തകനായ ജിതിന്‍ (36) കുത്തേറ്റ് കൊല്ലപ്പെട്ടത്. ആദ്യം പെരുനാട് പി.എച്ച്.സിയിലും തുടര്‍ന്ന് പത്തനംതിട്ടയി ലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അതേസമയം; സിപിഎം ജില്ലാ സെക്രട്ടറി രാജു എബ്രഹാം ഈ സംഭവം ബിജെപിയുടെ മേല്‍ കെട്ടിവെക്കാൻ ശ്രമിക്കുന്നുവെന്ന് ബി ജെ പി ജില്ലാ പ്രസിഡൻ്റ് വി എ സൂരജ് പറഞ്ഞു.
“കൊലപാതകം ബിജെപിയുടെ മേല്‍ കെട്ടിവയ്‌ക്കാൻ ആയിരുന്നു സിപിഎം ശ്രമം. ബിജെപിക്ക് ഈ സംഭവവുമായി യാതൊരു ബന്ധവുമില്ല
ഒരു ബിജെപി പ്രവർത്തകനും ഈ സംഭവവവുമായി ബന്ധപ്പെട്ടിട്ടില്ലെന്നും വി എ സൂരജ് പറഞ്ഞു. പ്രതികള്‍ സിപിഎം പോഷക സംഘടനകളുടെ സജീവ പ്രവർത്തകരെന്ന് ബിജെപി റാന്നി പെരുന്നാട് മണ്ഡലം പ്രസിഡണ്ട് അരുണ്‍ പ്രസ്താവിച്ചു.
എന്നാൽ സിപിഎമ്മും ഡിവൈഎഫ്ഐ യും ആവർത്തിക്കുന്നത് കൊലപാതകം നടത്തിയത് ബിജെപി ആർഎസ്എസ് പ്രവർത്തകരാണെന്ന് ആണ്.
