ലഖ്‌നൗ: ഭാര്യ മറ്റൊരാളുമായി പ്രണയത്തിലാണെന്ന് വിഡിയോ റെക്കോര്‍ഡ് ചെയ്ത് ആഗ്രയില്‍ നിന്നുള്ള 25 കാരനായ ടെക്കി യുവാവ് ജീവനൊടുക്കി. മുംബൈയിലെ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിലെ ജീവനക്കാരനായ മാനവ് ശര്‍മയാണ് മരിച്ചത്. ഭാര്യയുടെ പീഡനം സഹിക്കാതെ ടെക്കി അതുല്‍ സുഭാഷ് ജീവനൊടുക്കിയത് രാജ്യം മുഴുവന്‍ ചര്‍ച്ചയായിരുന്നു. മാസങ്ങള്‍ക്ക് ശേഷമാണ് ഇതേ സാഹചര്യത്തില്‍ ഒരാള്‍ കൂടി ആത്മഹത്യ ചെയ്യുന്നത്.
അതുല്‍ സുഭാഷിന്റേതു പോലെ തന്നെ മരണത്തിന് മുമ്പ് വിഡിയോ റെക്കോര്‍ഡ് ചെയ്തതിന് ശേഷമാണ് ഇയാള്‍ ആത്മഹത്യ ചെയ്യുന്നത്. ഈ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തന്റെ മരണത്തിന് കാരണം ഭാര്യയാണെന്നും പുരുഷന്‍മാര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ അംഗീകരിക്കാന്‍ സമൂഹം തയ്യാറാവണമെന്നും വിഡിയോയില്‍ പറയുന്നു. ഏഴ് മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോയാണ് ഇയാള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാളെ ഫെബ്രുവരി 24ന് പുലര്‍ച്ചെയാണ് ആഗ്രയിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്.
വിഡിയോ സന്ദേശത്തില്‍ പറയുന്നതിങ്ങനെ:
”ഭാര്യ മറ്റൊരാളുമായി പ്രണയത്തിലാണ്, ഞാന്‍ അതിന്റെ വേദനയിലാണ്. പുരുഷന്‍മാര്‍ക്ക് നിയമപരമായ സംരക്ഷണം ശക്തിപ്പെടുത്തണമെന്ന് അധികാരികളോട് അഭ്യര്‍ഥിക്കുന്നു. ഇല്ലെങ്കില്‍ സമൂഹത്തില്‍ അവര്‍ കൂടുതല്‍ ദുര്‍ബലരാകും.
ഇത് അധികാരികള്‍ക്ക് വേണ്ടിയാണ്.. നിയമം പുരുഷന്‍മാരെ സംരക്ഷിക്കേണ്ടതുണ്ട്… എന്റെ ഭാര്യ മറ്റൊരു പുരുഷനുമായി പ്രണയത്തിലായിരുന്നു…പക്ഷേ, എനിക്ക് എന്തു ചെയ്യാന്‍ കഴിയും? ഇനി അത് പ്രശ്‌നമില്ല.
ദയവായി പുരുഷന്‍മാരേക്കുറിച്ച് ചിന്തിക്കുക. ക്ഷമിക്കണം എല്ലാവരും… ഞാന്‍ പോയി കഴിഞ്ഞാല്‍ എല്ലാം ശരിയാകും. ഞാന്‍ ഇതിനുമുമ്പും ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ട്. എന്റെ മരണ ശേഷം എന്റെ മാതാപിതാക്കളെ ഉപദ്രവിക്കരുത്.” , ആത്മഹത്യക്ക് ശ്രമിച്ചതിന്റെ പാടുകളും മാനവ് വിഡിയോയില്‍ കാണിക്കുന്നുണ്ട്.