കോട്ടയം : ഗാന്ധിനഗര്‍ സര്‍ക്കാര്‍ നഴ്‌സിങ് കോളജിലെ റാഗിങ്ങില്‍ പരാതിക്കാരായ മുഴുവന്‍ വിദ്യാര്‍ഥികളുടെയും മൊഴിയെടുത്ത് പൊലീസ്. പിറന്നാള്‍ ആഘോഷത്തിന് പണം നല്‍കാത്തതാണ് റാഗിങ്ങിന് കാരമായതെന്ന് ജൂനിയര്‍ വിദ്യാര്‍ഥികള്‍ മൊഴി നല്‍കി. സംഭവത്തിന് പിന്നാലെ പുറത്ത് വന്ന ദൃശ്യങ്ങള്‍ ഡിസംബര്‍ 13ന് ചിത്രീകരിച്ചതാണെന്നും അന്വേഷണ സംഘം വ്യക്തമാക്കി. പരാതിക്കാരായ മുഴുവന്‍ വിദ്യാര്‍ഥികളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി.
എന്നാല്‍, കേസില്‍ കൂടുതല്‍ പ്രതികള്‍ ഇല്ലെന്ന് അന്വേഷണസംഘം വ്യക്തമാക്കി. റാഗിങ് സംബന്ധിച്ച് നേരത്തെ പരാതികള്‍ ഒന്നും ലഭിച്ചിരുന്നില്ല എന്ന കോളജിലെ വിശദീകരണം സാധൂകരിക്കുന്നതാണ് വിദ്യാര്‍ഥികളുടെ മൊഴി.ഗാന്ധിനഗര്‍ നഴ്സിങ് കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ സാമുവല്‍ ജോണ്‍, രാഹുല്‍ രാജ്, റിജില്‍, വിവേക്, ജീവ എന്നിവരാണ് കേസിലെ പ്രതികള്‍. പ്രതികള്‍ നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയെ മൂന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. കോമ്പസ് വെച്ച് ശരീരത്തില്‍ കുത്തി മുറിവേല്‍പ്പിക്കുന്നതും അതിന് ശേഷം മുറിവില്‍ ലോഷനൊഴിച്ച് വീണ്ടും വേദനിപ്പിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇതിന് പുറമെ വിദ്യാര്‍ഥിയുടെ സ്വകാര്യ ഭാഗത്ത് ഡമ്പല്‍ വെയ്ക്കുന്നതും വീഡിയോയില്‍ കാണാം. വിദ്യാര്‍ഥി കരഞ്ഞ് അപേക്ഷിച്ചിട്ടും ഇവര്‍ പ്രവര്‍ത്തികള്‍ തുടരുന്നതായാണ് വിഡിയോ സൂചിപ്പിക്കുന്നത്.