കോഴിക്കോട് : വടകരയിൽ ഒമ്പതു വയസുകാരി ദൃഷാനയെ വാഹനമിടിച്ച് കോമയിലാക്കുകയും മുത്തശ്ശി ബേബി മരിക്കുകയും ചെയ്ത കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ഭാരത് ന്യായ് സംഹിത നിലവിൽ വരുന്നതിന് മുമ്പ് രജിസ്റ്റർ ചെയ്ത കേസായതിനാൽ ഐ.പി.സി വകുപ്പുകൾ ചേർത്താണ് പ്രതിക്കെതിരെ കേസെടുത്തിരുന്നത്.
അശ്രദ്ധമായി അമിതവേഗതയിൽ വാഹനം ഓടിക്കുക, അശ്രദ്ധമായി വാഹനം ഓടിച്ച് മരണം സംഭവിക്കുക, തെളിവ് നശിപ്പിക്കുക തുടങ്ങിയവക്കൊപ്പം മോട്ടോർ വെഹിക്കിൾ ആക്ട് വകുപ്പുകളും കുറ്റപത്രത്തിൽചേർത്തിട്ടുണ്ട്. കാറിന്‍റെ മാറ്റിയ ഗ്ലാസിന്‍റെ ഭാഗങ്ങൾ, സ്പെയർ പാർട്സുകൾ വാങ്ങിയ ബില്ലുകൾ, ഇൻഷുറൻസ് ക്ലെയിം വാങ്ങിയ രേഖകൾ എന്നിവയും ഹാജരാക്കി.