കോട്ടയം മെഡിക്കൽ കോളേജ് കുട്ടികളുടെ ആശുപത്രിയിൽ മൂന്നു വയസുകാരി മരിച്ചു; ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കൾ

കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന മൂന്നു വയസുകാരി മരിച്ചു. കുട്ടിയുടെ മരണത്തിൽ ആശുപത്രി അധികൃതർക്ക് ചികിത്സാ പിഴവ് സംഭവിച്ചതായി ആരോപിച്ച് ബന്ധുക്കൾ രംഗത്ത് എത്തി. കട്ടപ്പന കളിയിക്കൽ വീട്ടിൽ ആഷ അനിരുദ്ധന്റെയും വിഷ്ണു സോമന്റെയും മകൾ ഏകഅപർണ്ണിക ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ എട്ടു മണിയോടെയാണ് കുട്ടിയുടെ മരണം സംഭവിച്ചത്.

ഒരാഴ്ച മുൻപാണ് സംഭവങ്ങളുടെ തുടക്കം. കഠിനമായ വയർവേദനയെ തുടർന്ന് ഒരാഴ്ച മുൻപ് കുട്ടിയെ കോട്ടയം മെഡിക്കൽ കോളേജ് കുട്ടികളുടെ ആശുപത്രിയിൽ എത്തിച്ചിരുന്നു. ഇവിടെ പ്രാഥമിക ചികിത്സയും പരിശോധനയും നടത്തിയ ശേഷം കാര്യമായ കുഴപ്പമില്ലെന്ന് നിർദേശിച്ച് ആശുപത്രി അധികൃതർ മടക്കിയതായി മാതാപിതാക്കൾ പറയുന്നു. എന്നാൽ, വീട്ടിലെത്തി മരുന്ന് കഴിച്ചിട്ടും കുട്ടിയുടെ അസുഖത്തിന് കുറവുണ്ടായിരുന്നില്ല.

ഞായറാഴ്ചയും തിങ്കളാഴ്ചയും മാതാപിതാക്കൾ വീടിനു സമീപത്തെ ആശുപത്രിയിൽ ചികിത്സ തേടി. സ്ഥിതി ഗുരുതരമായതോടെ തിങ്കളാഴ്ച വൈകിട്ടോടെ കോട്ടയം മെഡിക്കൽ കോളേജ് കുട്ടികളുടെ ആശുപത്രിയിലേയ്ക്കു കൊണ്ടു വരികയായിരുന്നു. ഇവിടെ എത്തിച്ച ശേഷം പരിശോധന നടത്തിയെങ്കിലും മതിയായ ചികിത്സ നൽകിയില്ലെന്ന് കുട്ടിയുടെ മാതാവ് പറയുന്നു.

രാത്രി ഒരു മണിയ്ക്ക് കുട്ടിയ്ക്ക് ട്രിപ്പ് ഇട്ടെങ്കിലും രാവിലെ ഏഴു മണിയായിട്ടും ട്രിപ്പിന്റെ പാതി പോലും ശരീരത്തിൽ കയറിയില്ല. ഇതേ തുടർന്ന് നഴ്‌സിങ് സ്‌റ്റേഷനിൽ ഡ്യൂട്ടിയിലുള്ളവരോട് പരാതിപ്പെട്ടെങ്കിലും തിരിഞ്ഞ് നോക്കിയില്ലെന്നും ഇവർ പറയുന്നു.

തുടർന്ന് സ്ഥിതി ഗുരുതരമാണെന്നു കണ്ടതോടെ ഇന്നു രാവിലെയോടെയാണ് കുട്ടിയെ ഐസിയുവിൽ പ്രവേശിപ്പിച്ചത്. പക്ഷേ അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. കുട്ടിയ്ക്ക് ഹൃദയാഘാതമാണെന്നാണ് ആശുപത്രി അധികൃതരുടെ വാദം. എന്നാൽ, ഭക്ഷ്യ വിഷബാധയേറ്റതായി തങ്ങളോട് ആശുപത്രി അധികൃതർ അനൗദ്യോഗികമായി സമ്മതിക്കുന്നതായി മാതാപിതാക്കൾ പറയുന്നു.

കുട്ടിയുടെ മരണത്തിന്റെ നിജസ്ഥിതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ പരാതിയുമായി രംഗത്ത് എത്തിയിട്ടുണ്ട്. പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!