കൊച്ചി: വയനാട് ഉരുള്‍പൊട്ടലില്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കുന്നതിനെതിരെ ഉടമകള്‍ നല്‍കിയ ഹർജി ഹൈക്കോടതി തള്ളി.
എസ്റ്റേറ്റ് ഭൂമികള്‍ക്ക് നഷ്ടപരിഹാരം നല്‍കികൊണ്ട് ഭൂമി ഏറ്റെടുക്കാമെന്ന് ഹൈക്കോടതി പറഞ്ഞു. നഷ്ടപരിഹാരത്തില്‍ തർക്കമുണ്ടെങ്കില്‍ എസ്റ്റേറ്റ് ഉടമകള്‍ക്ക് നിയമനടപടി എടുക്കാമെന്നും കോടതി വ്യക്തമാക്കി.
ലാൻഡ് അക്വിസിഷൻ നിയമപ്രകാരം ഏറ്റെടുക്കാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. നാളെ മുതല്‍ സർക്കാരിനെ ഭൂമി അളന്നു തിട്ടപ്പെടുത്താമെന്നും ഇതിനുള്ള നടപടികള്‍ ആരംഭിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. നിയമപ്രകാരമുള്ള നഷ്ടപരിഹാരം എസ്റ്റേറ്റ് ഉടമകള്‍ക്ക് നല്‍കണമെന്നും ടൗണ്‍ഷിപ്പ് ആയി എസ്റ്റേറ്റ് ഭൂമി അളന്നു തിട്ടപ്പെടുത്തുന്നതിന് സർക്കാരിന് വേണ്ട സഹായം ചെയ്തു കൊടുക്കണമെന്നും, നഷ്ടപരിഹാരത്തില്‍ തർക്കം ഉണ്ടെങ്കില്‍ എസ്റ്റേറ്റ് ഉടമകള്‍ക്ക് നിയമനടപടികളുമായി മുന്നോട്ടുപോകാമെന്നും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടു.
എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിനെതിരെ ഹാരിസണ്‍ മലയാളം ലിമിറ്റഡ്, എല്‍സ്റ്റണുമാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്. നെടുമ്ബാല എസ്റ്റേറ്റിലെ 65.41 ഹെക്ടർ ഭൂമിയും കല്പറ്റ എല്‍സ്ടോണ്‍ എസ്റ്റേറ്റിലെ 78.73 ഹെക്ടർ ഭുമിയുമാണ് സർക്കാർ ഏറ്റെടുക്കുന്നത്.
ഭൂമിക്ക് ന്യായമായ നഷ്ടപരിഹാരം നല്‍കാൻ തയാറാണെന്നും തുക കേസ് നിലനില്‍ക്കുന്ന കോടതിയില്‍ നിക്ഷേപിക്കാൻ തയാറാണെന്നും സർക്കാരിനു വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറല്‍ അറിയിച്ചിരുന്നു.
