സൗത്ത് പാമ്പാടി (കോട്ടയം) : വത്തിക്കാൻ തോടിൻ്റെ പ്രകൃതി രമണീയ മനോഹാരിതകൾക്ക് ഒപ്പം അതിമനോഹര ക്രിസ്മസ് കാഴ്ചകളാണ് കോട്ടയം ജില്ലയിലെ സൗത്ത് പാമ്പാടി കൈരളി ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ് നേതൃത്വത്തിൽ ഇവിടെ തീർത്തിരിക്കുന്നത്.
ഡിസംബർ 22 മുതൽ 26 വരെയാണ് വത്തിക്കാനിലെ ക്രിസ്മസ് കാർണിവൽ സംഘടിപ്പിച്ചിരിക്കുന്നത്.

പത്തടി വീതിയും, അഞ്ച് അടി ഉയരവുമുള്ള പുൽക്കൂട് വത്തിക്കാൻ തോടിന്റെ മധ്യഭാഗത്ത് തയാറാക്കിയിരിക്കുന്നു. കൂടാതെ 21 അടി ഉയരമുള്ള കൂറ്റൻ ക്രിസ്മസ് ട്രീ, 15 അടി ഉയരത്തിലുള്ള ക്രിസ്മസ് പാപ്പായും നക്ഷത്രവും മറ്റ് അലങ്കാരങ്ങളും ആകർഷകമാണ്.
തോടിന്റെ ഇരു കരയിലും ദീപാലങ്കാരങ്ങളും കാർണിവലിൻ്റെ വിസ്മയ കാഴ്ചയാണ്.
കാർണിവൽ ദിനങ്ങളിൽ വൈകുന്നേരത്തോടെയാണ് നക്ഷത്രവിളക്കുകളും, മറ്റ് അലങ്കാരങ്ങളും തെളിയിച്ചുകൊണ്ട് വത്തിക്കാൻ തോട് വർണ്ണ ശോഭയോടെ ആകർഷകമായി മനോഹര കാഴ്ചകൾ സമ്മാനിക്കുന്നത്.
രണ്ട് വർഷത്തിലൊരിക്കലാണ് സൗത്ത് പാമ്പാടിയിലെ വത്തിക്കാൻ സിറ്റിയിൽ ഈ ഉണ്ണിയേശുവിൻ്റെ തിരുപ്പിറവിയോടനുബന്ധിച്ചുള്ള ആഘോഷം സംഘടിപ്പിക്കുന്നത്.
