ആക്രമിക്കാൻ പോലും മടിയില്ലാത്ത മോഷ്ടാക്കൾ; ആലപ്പുഴയുടെ ഉറക്കം കെടുത്തി കുറുവാ സംഘം…

ആലപ്പുഴ: ആലപ്പുഴയുടെ ഉറക്കം കെടുത്തി കുറുവാ സംഘം. മാരകായുധങ്ങളുമായെത്തി അടുക്കള വാതിൽ പൊളിച്ച് മോഷണം നടത്തുന്ന കുറുവാ സംഘം ചൊവ്വാഴ്ച മാത്രം മൂന്ന് വീടുകളിലാണ് കയറിയത്. രണ്ടാഴ്ച്ചക്കിടെ നാല് വീടുകളിലാണ് കുറുവാ സംഘം മോഷണം നടത്തിയത്. ആക്രമിക്കാൻ പോലും മടിയില്ലാത്ത മോഷ്ടാക്കള്‍ക്കായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

വീടിന് പിൻവശത്തെ ഇരുമ്പ് വാതിൽ തുറന്ന ശേഷം, അടുക്കള വാതിൽ കുത്തിത്തുറന്നു. പിന്നീട് മുറിയിലെത്തി മാലയും പണമടങ്ങിയ പഴ്സുമായി രക്ഷപെടുകയായിരുന്നു. രാജൻ എന്നയളുടെ വീട്ടിലുമെത്തിയ കുറുവാ സംഘം വാതിൽ പൊളിക്കാൻ ശ്രമിച്ചതിന്റെ ലക്ഷണങ്ങള്‍ പ്രകടമായിരുന്നു. ആലപ്പുഴ നോർത്ത്, മണ്ണഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് കുറുവാ സംഘം കറങ്ങി നടക്കുന്നത്. പൊലീസും ഡോഗ് സ്ക്വാഡും ഫോറൻസിക് വിദഗ്ധരുമെല്ലാം സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും സൂചനകളൊന്നും ലഭിച്ചിട്ടില്ല. ഇവരെ പിടികൂടാൻ ജില്ലാ പൊലീസ് മേധവിയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്.

തമിഴ്നാട്ടിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. റെസിഡൻഷ്യൽ അസോസിയേഷനുകളുടെയും സംഘടനകളുടെയുമെല്ലാം സഹായത്തോടെ പൊലീസ് രാത്രികാല പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. ജാഗ്രത പാലിക്കാനും നിർദേശം നൽകി. ആക്രമിക്കാൻ പോലും മടിയില്ലാത്ത കുറുവാ സംഘത്തെ എത്രയും വേഗം പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!