ഇന്ന് മോഹന്‍ലാല്‍ എത്തും, നാളെ മമ്മൂട്ടിയും, താമസം ഒരേ ഹോട്ടലില്‍; സൂപ്പര്‍താരങ്ങള്‍ ഒന്നിക്കുന്ന ചിത്രത്തിന് തുടക്കം

കൊളംബോ  : കേരളം ഒന്നാകെ കാത്തിരുന്ന കൂടിച്ചേരല്‍. 11 വര്‍ഷത്തിനു ശേഷം വീണ്ടുമൊരു മമ്മൂട്ടി- മോഹന്‍ലാല്‍ ചിത്രം ഒരുങ്ങുകയാണ്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ ഷൂട്ടിങ് ശ്രീലങ്കയില്‍ തുടക്കമാവുന്നു. ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി രണ്ട് സൂപ്പര്‍താരങ്ങളും വൈകാതെ കൊളംബോയിലേക്ക് എത്തും.

മോഹന്‍ലാല്‍ ഇന്ന് കൊളംബോയില്‍ എത്തുമ്പോള്‍ മമ്മൂട്ടി നാളെയായിരിക്കും കൊച്ചിയില്‍ നിന്ന് വിമാനം കയറുക. ഒരേ ഹോട്ടലിലായിരിക്കും ഇരുവരും താമസിക്കുക. ഷൂട്ടിങ്ങിനായുള്ള തയ്യാറെടുപ്പുകളെല്ലാം പൂര്‍ത്തിയായതായാണ് വിവരം. ശ്രീലങ്ക, യുകെ, അസര്‍ബൈജാന്‍, ദുബായ്, ഡല്‍ഹി, ഹൈദരാബാദ്, വിശാഖപട്ടണം എന്നിവിടങ്ങളിലാകും ചിത്രീകരണം നടക്കുക. ബോളിവുഡില്‍ ശ്രദ്ധേയനായ മാനുഷാണ് കാമറ കൈകാര്യം ചെയ്യുന്നത്.

ബിഗ് ബജറ്റിലൊരുങ്ങുന്ന സിനിമയാണിത്. ചിത്രത്തിനായി മമ്മൂട്ടി 100 ദിവസവും മോഹന്‍ലാല്‍ 30 ദിവസവും ഡേറ്റ് നല്‍കിയതായി നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ഡീ ഏജിങ് ഉപയോഗിച്ച് ഇരുവരുടേയും ചെറുപ്പകാലം കാണിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് സംബന്ധിച്ച് സ്ഥിരീകരണമായിട്ടില്ല.

മമ്മൂട്ടിയും മോഹന്‍ലാലും നായകവേഷത്തിലെത്തിയ അവസാന ചിത്രം 2008ല്‍ റിലീസ് ചെയ്ത ട്വന്റി 20 ആയിരുന്നു. കടല്‍ കടന്നൊരു മാത്തുക്കുട്ടി എന്ന മമ്മൂട്ടി ചിത്രത്തില്‍ അതിഥി വേഷത്തില്‍ മോഹന്‍ലാല്‍ എത്തിയിരുന്നു. മമ്മൂട്ടി കമ്പനിയും ആശിര്‍വാദ് സിനിമാസും ചേര്‍ന്നാണ് ചിത്രം ഒരുക്കുന്നത്. സൂപ്പര്‍ സ്റ്റാറുകള്‍ക്കൊപ്പം കുഞ്ചാക്കോ ബോബനും ആസിഫ് അലിയും ചിത്രത്തിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!