സന്ധികൾക്കുള്ളിലെ തരുണാസ്‌തി അഥവ കാർട്ടിലേജിലെ കേടുപാടുകളാണ് സന്ധിവാതം അഥവ ആത്രൈറ്റസ്. റുമാറ്റോയ്ഡ് ആര്‍ത്രൈറ്റിസ്, ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് എന്നിങ്ങനെ സന്ധിവാതം പല തരത്തിലുണ്ട്. പൊതുവെ പ്രായമായവരില്‍ കണ്ടുവന്നിരുന്ന രോഗാവസ്ഥ പ്രതിരോധ ശേഷിയുടെ കുറവു കാരണം ഇപ്പോൾ ചെറുപ്പക്കാര്‍ക്കിടയിലും സാധാരണമാവുകയാണ്.
ഇന്ന് ലോക സന്ധിവാത ദിനം. ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ എല്ലാ വര്‍ഷവും ഒക്ടോബര്‍ 12നാണ് ഈ ദിനം ആചരിക്കുന്നത്. ‘വിവരമുള്ള തിരഞ്ഞെടുപ്പുകൾ, മികച്ച ഫലങ്ങൾ’- എന്നതാണ് ഇത്തവണത്തെ പ്രമേയം. സന്ധിവാതത്തെ കുറിച്ച് അവബോധം സൃഷ്ടിക്കാനും ആരോഗ്യപരമായ ജീവിതരീതിയുടെ പ്രാധാന്യത്തെപ്പറ്റി ജനങ്ങളെ ബോധവാന്മാരാക്കാനാണ് ഈ ദിനം അചരിക്കുന്നത്. ഓരോ വർഷവും ആഗോളതലത്തിൽ ദശലക്ഷക്കണക്കിന് ആളുകളാണ് രോഗാവസ്ഥ ബാധിക്കുന്നത്
സന്ധിവാതത്തിനുള്ള സാധ്യത കൂടുതൽ പുരുഷന്മാരെക്കാൾ സ്ത്രീകളിൽ
സ്ത്രീകളിലെ ഉയര്‍ന്ന തോതിലുള്ള ഈസ്ട്രജന്‍ സന്ധികളിലെ തരുണാസ്ഥിയെ വളരെ വേഗത്തില്‍ ക്ഷയിപ്പിക്കുന്നത് ഓസ്റ്റിയോ ആര്‍ത്രൈറ്റിസിലേക്ക് നയിക്കാം. ഗര്‍ഭകാലത്തും ആര്‍ത്തവവിരാമത്തിലും ഉണ്ടാകുന്ന ഹോര്‍മോണല്‍ മാറ്റങ്ങളും സന്ധിവേദനയ്ക്കും സന്ധികളിലെ പിരിമുറുക്കത്തിനും കാരണമാകാം. ഇന്ത്യയില്‍ 60 വയസ്സിന് മുകളിലുള്ള മൂന്നിലൊരു സ്ത്രീക്ക് സന്ധിവാതം മൂലമുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
20കളിലും 30കളിലുമുള്ള സ്ത്രീകള്‍ക്കും സന്ധിവേദന സാധ്യത കൂടിവരികയാണ്. സന്ധിവേദനയും ദൃഢതയും മൂലം നടക്കാനോ നിൽക്കാനോ തുടങ്ങിയ ദൈംദിന ജോലികൾ പോലും ചെയ്യാൻ ബുദ്ധിമുട്ടുന്ന നിരവധി സ്ത്രീകളുണ്ട്. ജനിതക പാരമ്പര്യം മറ്റൊരു പ്രധാന ഘടകമാണ്. കുടുംബപരമായി സന്ധിവേദനയുടെ ചരിത്രമുള്ളവര്‍ക്ക് ഈ രോഗം വരാന്‍ സാധ്യത അധികമാണ്. അമിതവണ്ണം, അലസമായ ജീവിതശൈലി എന്നിവയും സന്ധിവേദനയുടെ സാധ്യത വര്‍ധിപ്പിക്കുന്നു. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളുടെ സന്ധികള്‍ ചെറുതായതിനാല്‍ ഇവിടുത്തെ തരുണാസ്ഥിയുടെ അളവ് കുറവാണെന്നതും സ്ത്രീകളിലെ സന്ധിവേദനയുടെ സാധ്യത കൂട്ടുന്നു.
