തിരുവനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡ് തലപ്പത്തേക്ക് രാഷ്ട്രീയ നിയമനം ഒഴിവാക്കി വിവാദങ്ങളിൽ നിന്ന് തലയൂരാൻ സർക്കാരിൻ്റെ തീവ്രശ്രമം.
ശബരിമലയിൽ ഹൈക്കോടതി സ്പെഷ്യൽ കമ്മീഷണർ പദവി വഹിച്ചിട്ടുള്ള കെ. ജയകുമാര്‍ ഐഎഎസിനെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആയി നിയമിച്ച് പ്രതിപക്ഷ പ്രതിഷേധങ്ങളുടെ മുനയൊടിക്കുകയെന്ന തന്ത്രത്തിലേക്കാണ് സർക്കാർ കടക്കുന്നനതെന്ന സൂചനകളാണ് പുറത്തേക്കു വരുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവരുടെ നിര്‍ദേശപ്രകാരമാണ് കെ. ജയകുമാറിന്റെ പേര് നിര്‍ദേശിച്ചത് എന്നാണ് വിവരം.
ശബരിമല ക്ഷേത്രത്തിലെ സ്വര്‍ണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രതിരോധത്തിലായിരിക്കുന്ന സമയത്താണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം വരുന്നത്.
മുന്‍ ചീഫ് സെക്രട്ടറിയും ജനങ്ങള്‍ക്ക് സ്വീകാര്യനുമായ ഒരു മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവരുന്നതോടെ ജനങ്ങളുടെ ആശങ്കകള്‍ക്ക് ചെറിയ തോതിലെങ്കിലും ശമനം കൊണ്ടുവരാം എന്ന കണക്കുകൂട്ടലിലാണ് സര്‍ക്കാര്‍.
ഇന്ന് ചേര്‍ന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ അഞ്ചുപേരുകളാണ് അവസാനഘട്ടത്തിലേക്ക് വന്നത്. അതില്‍ കെ. ജയകുമാറിന്റെ പേരിനാണ് പ്രഥമ പരിഗണന ലഭിച്ചത് എന്നാണ് വിവരം. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം അദ്ദേഹത്തിന്റെ പേരിനാണ് മുന്‍തൂക്കം നല്‍കിയതെന്നും പാര്‍ട്ടിയോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
ദേവസ്വം മന്ത്രി വി.എന്‍. വാസവന്‍ പത്തനംതിട്ടയില്‍ നിന്നുള്ള സതീശന്‍ എന്ന വ്യക്തിയെയാണ് നിര്‍ദേശിച്ചത്, എന്നാല്‍ മുഖ്യമന്ത്രി നിര്‍ദേശിച്ച ആളെത്തന്നെ പിന്തുണയ്ക്കാന്‍ പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു. ഇതുസംബന്ധിച്ച് അന്തിമതീരുമാനം നാളെത്തന്നെ ഉണ്ടാകും. അധികം വൈകാതെ ഉത്തരവ് ഇറങ്ങും എന്നാണ് വിവരം.
