ബംഗളൂരു: ഷിരൂരിലെ മണ്ണിടിച്ചിലില്‍ പെട്ട് മരിച്ച മലയാളി ലോറി ഡ്രൈവര്‍ അര്‍ജുന്റെ കുടുംബത്തിനു സഹായധനം പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍. 5 ലക്ഷം രൂപ കുടുംബത്തിന് കര്‍ണാടക സര്‍ക്കാര്‍ ആശ്വാസ ധനം നല്‍കും. ഡിഎന്‍എ പരിശോധനയില്‍ മൃതദേഹം അര്‍ജുന്റേതെന്ന് സ്ഥിരീകരിച്ചിരുന്നു. മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. പ്രത്യേക ആംബുലൻസിൽ കോഴിക്കോട്ടേക്ക് പുറപ്പെട്ടു. നാളെ രാവിലെ ആറുമണിയോടെ മൃതദേഹം വീട്ടിലെത്തിക്കും.
അപകടം നടന്ന സ്ഥലത്ത് ആംബുലന്‍സ് അഞ്ചു മിനിറ്റ് നിര്‍ത്തിയ ശേഷമാണ് തുടർയാത്ര. 72 ദിവസം നീണ്ടുനിന്ന തെരച്ചിലിനൊടുവിലാണ് അര്‍ജുനെ കണ്ടെത്താനായത്. നിരവധി പ്രതിസന്ധികള്‍ക്കിടയിലും കര്‍ണാടക സര്‍ക്കാരിന്റേയും കേരളത്തിന്റേയും നിരന്തര ശ്രമങ്ങള്‍ക്കൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
കര്‍ണാടക പൊലീസിലെ സിഐ റാങ്കില്‍ ഉള്ള ഉദ്യോഗസ്ഥനാണ് അര്‍ജുനുമായെ ത്തുന്ന ആംബുലന്‍സിന്റെ സുരക്ഷാ ചുമതല നല്‍കിയിരിക്കുന്നത്. കാര്‍വാര്‍ എംഎല്‍എ സതീഷ് സെയിൽ ആംബുലന്‍സിനെ അനുഗമിക്കുന്നുണ്ട്. അദ്ദേഹമായിരിക്കും കർണാടക സർക്കാരിന്റെ ധനസഹായം കുടുംബത്തിന് കൈമാറുക.
ജൂലൈ 16 നാണ് കര്‍ണാടകയിലെ ഷിരൂരില്‍ നടന്ന മണ്ണിടിച്ചിലില്‍ ലോറി ഡ്രൈവറായ അര്‍ജുനെ കാണാതായത്. രാവിലെ 8.45 നാണ് ഷിരൂരില്‍ മണ്ണിടിച്ചിലുണ്ടായത്. മണ്ണിടിച്ചിലിന് ശേഷവും ഷിരൂരില്‍ കനത്ത മഴയായതിനാല്‍ തിരച്ചില്‍ ദുഷ്‌കരമായിരുന്നു. ഗോവയില്‍ നിന്നും ഡ്രഡ്ജറടക്കം എത്തിച്ച് അര്‍ജുന്‍ മിഷന്‍ പുനരാരംഭിച്ചു. 72 ദിവസങ്ങള്‍ക്ക് ശേഷമാണ് കഴിഞ്ഞ ദിവസം അര്‍ജുന്റെ ലോറി ഗംഗാവലി പുഴയില്‍ കണ്ടെത്തിയത്. ക്യാബിനില്‍ അഴുകിയ നിലയിലായിരുന്നു മൃതദേഹം.
