മഞ്ഞുരുകി; പാര്‍ട്ടി വേദിയില്‍ സജീവമായി ഇ പി ജയരാജന്‍

കണ്ണൂര്‍: പാര്‍ട്ടിയോടുള്ള അതൃപ്തിയുടെ മഞ്ഞുരുക്കി കേന്ദ്ര കമ്മിറ്റിയംഗം ഇപി ജയരാജന്‍ വീണ്ടും പ്രവര്‍ത്തന രംഗത്ത് സജീവമായി. കണ്ണൂരില്‍ സിപിഎം പരിപാടിയില്‍ പങ്കെടുത്താണ് ഇ പി വീണ്ടും സജീവമായത്. സര്‍ക്കാരിനും പാര്‍ട്ടിക്കുമെതിരായ കള്ളപ്രചാരണങ്ങളില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച്ച വൈകുന്നേരം കണ്ണൂര്‍ നഗരത്തില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിലാണ് ഇ പി ജയരാജന്‍ പങ്കെടുത്തത്.

എം വി ജയരാജന്‍, ടി വി സുമേഷ് എംഎല്‍എ തുടങ്ങിയ നേതാക്കളും മാര്‍ച്ചില്‍ പങ്കെടുത്തു. ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കിയ ശേഷം പാര്‍ട്ടി ജില്ല കമ്മിറ്റി ക്ഷണിച്ച പരിപാടികളില്‍ പോലും പങ്കെടുക്കാതെ ഇപി മാറി നില്‍ക്കുകയായിരുന്നു. കഴിഞ്ഞ ദിവസം പയ്യാമ്പലത്ത് നടന്ന അഴീക്കോടന്‍ രാഘവന്‍ രക്തസാക്ഷിത്വ അനുസ്മരണ ദിനാചരണത്തിലും അതിന് മുന്‍പായി നടന്ന ചടയന്‍ ചരമ ദിനാചരണത്തിലും ഇ പി ജയരാജന്‍ പങ്കെടുത്തിരുന്നില്ല.

നേരത്തെ ഈ രണ്ടു പരിപാടികളിലും ഇ പി ജയരാജന്‍ പങ്കെടുക്കുമെന്ന് ജില്ലാ കമ്മിറ്റി വാര്‍ത്താ കുറിപ്പ് ഇറക്കിയിരുന്നുവെങ്കിലും ഇപി ജയരാജന്‍ വിട്ടു നില്‍ക്കുകയാ യിരുന്നു. പാര്‍ട്ടി സമ്മേളനങ്ങളില്‍ മുതിര്‍ന്ന നേതാവായ ഇ പി ജയരാജന്റെ അസാന്നിദ്ധ്യം ചര്‍ച്ചയായതോടെയാണ് കണ്ണൂരിലെ പാര്‍ട്ടി നേതൃത്വം അനുനയനീക്കവുമായി രംഗത്തുവന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!