നദി മുറിച്ചു കടക്കുന്നതിനിടെ കുത്തൊഴുക്കിൽപ്പെട്ടു…കാറിന് മുകളിൽ അള്ളിപ്പിടിച്ചിരുന്ന് ദമ്പതികൾ

സബർകാന്ത : കനത്ത മഴയെത്തുടര്‍ന്ന് ദമ്പതികള്‍ സഞ്ചരിച്ച കാര്‍ നദിയില്‍ ഒഴുക്കില്‍പ്പെട്ടു. രക്ഷപ്പെടാനായി കാറിന്റെ മുകളില്‍ കയറിയ ദമ്പതികളെ അതിസാഹസികമായി രക്ഷപ്പെടുത്തി. കനത്തമഴയില്‍ നദിയില്‍ പെട്ടെന്ന് ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്നാണ് ദമ്പതികള്‍ അപകടത്തില്‍പ്പെട്ടത്.

ഗുജറാത്തിലെ സബര്‍കാന്തയിലാണ് സംഭവം.നദിയില്‍ ഒലിച്ചുപോകുന്ന കാറിന്റെ മുകളില്‍ ഇരുന്ന് രക്ഷിക്കണെ എന്ന് കരഞ്ഞ് ഒച്ചവെയ്ക്കുന്ന ദമ്പതികളുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ദമ്പതികള്‍ തങ്ങളുടെ കാറില്‍ യാത്ര ചെയ്യവേ, ഇദാര്‍ താലൂക്കിലെ വാഡിയവീര്‍ ഭൂതിയയ്ക്ക് സമീപം നദി മുറിച്ചുകടക്കുന്നതിനിടെ കാർ കുത്തൊഴുക്കില്‍പ്പെട്ട് ഒലിച്ചുപോകുകയായിരുന്നു.

കാര്‍ വെള്ളത്തിനടിയിലായതോടെ രക്ഷപ്പെടാന്‍ കാറിന്റെ മുകളില്‍ ഇവര്‍ അഭയം തേടുകയായിരുന്നു. മണിക്കൂറുകളോളമാണ് അവര്‍ കാറില്‍ പിടിച്ച് കിടന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസികള്‍ സഹായിക്കാന്‍ ശ്രമിച്ചെങ്കിലും വെള്ളത്തിന്റെ കുത്തൊഴുക്ക് കാരണം അവര്‍ക്ക് എത്തിച്ചേരാനായില്ല.

തുടര്‍ന്ന് അഗ്‌നിശമന സേനാ അംഗങ്ങളുടെ നേതൃത്വത്തിലാണ് ഇവരെ രക്ഷിച്ചത്. നീരൊഴുക്ക് കുറയുന്നത് വരെ കാത്തിരുന്ന ശേഷം രക്ഷാപ്രവര്‍ത്തകര്‍ ഇരുവരെയും സുരക്ഷിത സ്ഥാനത്തേക്ക് കൊണ്ടുവരികയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!