‘ജോലിയുടെ ചെലവില്‍ പ്രതിഷേധം വേണ്ട’; ഡോക്ടര്‍മാര്‍ നാളെ വൈകീട്ട് 5 മണിക്കകം ഡ്യൂട്ടിക്കു ഹാജരാകണം; അന്ത്യശാസനവുമായി സുപ്രീംകോടതി

ന്യൂഡല്‍ഹി: കൊല്‍ക്കത്തയില്‍ യുവ ഡോക്ടറുടെ കൊലപാതകത്തില്‍ നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സമരരംഗത്തുള്ള ഡോക്ടര്‍മാര്‍ക്ക് സുപ്രീംകോടതിയുടെ അന്ത്യ ശാസനം. ഡോക്ടര്‍മാര്‍ നാളെ വൈകീട്ട് അഞ്ചു മണിക്കുള്ളില്‍ ജോലിക്കു കയറണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. തിരികെ ജോലിയില്‍ കയറുന്ന ഡോക്ടര്‍മാര്‍ക്കെതിരെ പ്രതികാര നടപടി ഉണ്ടാകാന്‍ പാടില്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്.

അതേസമയം ഡോക്ടര്‍മാര്‍ തുടര്‍ന്നും ജോലിയില്‍ നിന്നും വിട്ടുനിന്നാല്‍ സര്‍ക്കാരിന് അവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാവുന്നതാണ്. ജോലിയുടെ ചെലവിലാകരുത് ഒരു പ്രതിഷേധവുമെന്നും കോടതി അഭിപ്രായപ്പെട്ടു. ജോലിക്ക് കയറുന്ന ഡോക്ടര്‍മാര്‍ക്ക് സുരക്ഷ ഒരുക്കണമെന്നും, സിസിടിവി കാമറകള്‍ സ്ഥാപിക്കണമെന്നും, ആശുപത്രികളില്‍ പുരുഷ-വനിതാ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ടോയ്‌ലറ്റ് അടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്.

സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് രണ്ടു ദിവസത്തെ സമയം കൂടി അനുവദിക്കുകയാണ്. നിങ്ങള്‍ തിരിച്ചെത്തി ജോലി പുനരാരംഭിക്കണം. നാട്ടില്‍ എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങള്‍ക്കറിയാം… ആദ്യം ജോലിയിലേക്ക് മടങ്ങുക.. ജില്ലാ കലക്ടര്‍മാരും പൊലീസും സുരക്ഷ ഉറപ്പാക്കും. നിങ്ങള്‍ ഇപ്പോള്‍ ജോലിയിലേക്ക് മടങ്ങണം, നിങ്ങള്‍ ജോലിക്ക് വന്നില്ലെങ്കില്‍, നിങ്ങള്‍ക്കെതിരായ അച്ചടക്ക നടപടിയില്‍ മറ്റാരും ഉത്തരവാദികളായിരിക്കില്ല.  സീനിയര്‍ ഡോക്ടര്‍മാര്‍ ജോലി ചെയ്യുന്നുണ്ടല്ലോ എന്ന ഒഴിവുകഴിവുകളൊന്നും നിങ്ങള്‍ക്ക് പറഞ്ഞ് മാറി നില്‍ക്കാനാകില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

ആര്‍ജി കര്‍ മെഡിക്കല്‍ കോളജില്‍ യുവഡോക്ടര്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍, ഡോക്ടര്‍മാരുടെ സമരത്തെത്തുടര്‍ന്ന് മരിച്ചത് 23 പേരെന്ന് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍. സര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് സംസ്ഥാന ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചത്. യുവ ഡോക്ടര്‍ കൊല്ലപ്പെട്ടതില്‍ സുപ്രീംകോടതി സ്വമേധയാ എടുത്ത കേസ് പരിഗണിക്കുമ്പോഴാണ് ബംഗാള്‍ സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!