ന്യൂഡൽഹി: ടി 20 ലോകകപ്പ് ജേതാക്കളായ ടീം ഇന്ത്യയ്ക്ക് ജന്മനാട്ടിൽ ഉജ്ജ്വല വരവേൽപ്പ്.ടീം ഇന്ത്യയുമായി ഒരു ചാർട്ടേഡ് വിമാനം ഇന്ന് രാവിലെ 6:05 നാണ് ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങിയത്.
ചാമ്പ്യന്മാരെ കാണാൻ നിരവധി ആരാധകരാണ് വിമാനത്താവളത്തിന് പുറത്ത് തടിച്ചുകൂടിയത്. കരഘോഷത്തോടെയാണ് ആരാധകർ ടീമിനെ സ്വീകരിച്ചത്. ടീം രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം അദ്ദേഹത്തിൻ്റെ വസതിയിൽ എത്തി പ്രഭാത ഭക്ഷണം കഴിക്കും. രണ്ട് മണിക്കൂറോളം പ്രധാനമന്ത്രിക്കൊപ്പം ചിലവഴിക്കും. പിന്നീട് ഹോട്ടലിലേക്ക് മടങ്ങും.

തുടർന്ന് സ്ക്വാഡ് മുംബൈയിലേക്ക് പോകും. ടീം പിന്നീട് ഓപ്പൺ ബസ് റോഡ് ഷോയിലും തുടർന്ന് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുന്ന അനുമോദന ചടങ്ങിലും പങ്കെടുക്കും.
അതിനു ശേഷം ബിസിസിഐ പ്രഖ്യാപിച്ച 125 കോടി സമ്മാനത്തുക ടീമിനു കൈമാറും. ട്വന്റി20 ടീമിന് നാട്ടിൽ സംഘടിപ്പിക്കുന്ന അനുമോദന പരിപാടികളിൽ പങ്കെടുക്കാനായാണ് സഞ്ജു സാംസൺ ഉൾപ്പെടെയുള്ളവർക്ക് സിംബാബ്‍വെയ്ക്കെതിരായ ആദ്യ മത്സരങ്ങളിൽ വിശ്രമം അനുവദിച്ചതെന്നാണ് വിവരം