അന്ന് ആശ്വസിപ്പിച്ചു; ഇന്ന് അഭിനന്ദനം; ടീം ഇന്ത്യയുടെ വിജയം ചരിത്രമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: ട്വന്റി -20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ടീം ഇന്ത്യയുടെ വിജയത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയേയിലാണ് പ്രധാനമന്ത്രി ടീമിനെ അഭിനന്ദിച്ചത്.

ഈ വിജയം സമ്മാനിച്ചതിന് എല്ലാ ഇന്ത്യക്കാരുടെയും പേരിൽ നന്ദി പറയുന്നതായി പ്രധാനമന്ത്രി പറഞ്ഞു. ഈ വിജയത്തിൽ 140 കോടി ഇന്ത്യക്കാരും അഭിമാനം കൊളളുന്നു. ഇത്രയും രാജ്യങ്ങൾ പങ്കെടുത്ത മത്സരങ്ങളിൽ ഒന്നിൽ പോലും തോൽക്കാതെയാണ് ഇന്ത്യ വിജയിച്ചതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ദക്ഷിണാഫ്രിക്കയെ ഏഴ് റൺസിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം നേടിയത്. ഇന്ത്യയുടെ രണ്ടാമത്തെ ടി ട്വന്റി ലോകകപ്പാണിത്. 2007 ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ലോകകപ്പിൽ ധോണിയുടെ നേതൃത്വത്തിലുളള ടീമായിരുന്നു അന്ന് കിരീടം നേടിയത്.

11 വർഷം നീണ്ട ഐസിസി കിരീട ദാരിദ്ര്യത്തിനാണ് ഇന്ത്യ ഇതിലൂടെ വിരാമമിട്ടത്. 2013 ൽ ചാമ്പ്യൻസ് ട്രോഫി നേടിയതിന് ശേഷം ഇന്ത്യയ്‌ക്ക് ഒരു ഐസിസി കിരീടം പോലും നേടാൻ കഴിഞ്ഞിട്ടില്ല.

കഴിഞ്ഞ നവംബറിൽ ഏകദിന ലോകകപ്പ് ഫൈനലിൽ ഇന്ത്യ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടപ്പോൾ ഡ്രസിംഗ് റൂമിലെത്തി കളിക്കാർക്ക് ആത്മവിശ്വാസം പകർന്ന പ്രധാനമന്ത്രിയുടെ പ്രവൃത്തി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോൾ ട്വന്റി 20 ലോകകപ്പ് നേടിയപ്പോൾ ആദ്യമെത്തിയ അഭിനന്ദനവും പ്രധാനമന്ത്രിയുടെ വകയായി.

ഏഴ് വിക്കറ്റ് നഷ്ടത്തിൽ 176 റൺസ് ആയിരുന്നു ഇന്ത്യയുടെ സ്‌കോർ. മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക ഒരു ഘട്ടത്തിൽ വിജയം തട്ടിയെടുക്കുമെന്ന് തോന്നിയെങ്കിലും എട്ട് വിക്കറ്റ് നഷ്ടത്തിൽ 168 റൺസിന് പോരാട്ടം ഒതുങ്ങി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!