മംഗളുരു : ബെംഗളൂരുവില്‍ വൻ ലഹരി വേട്ട. 75 കോടി രൂപ വിലമതിക്കുന്ന 37.87 കിലോ MDMA-യാണ് പിടികൂടിയത്. കർണാടകയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ MDMA വേട്ടയാണിതെന്ന് മംഗളൂരു പൊലീസ് അറിയിച്ചു.
വിദേശവനിതകളാണ് ലഹരിയുമായി പിടിയിലായത്. ഇരുവരും സൗത്ത് ആഫ്രിക്കൻ പൗരന്മാരാണ്. ബെംഗളൂരുവിലും രാജ്യത്തിന്റെ പല ഭാഗങ്ങളിലും വിതരണം ചെയ്യാനെത്തിച്ച MDMA ആണ് പിടികൂടിയതെന്ന് മംഗളൂരു സിസിബി പൊലീസ് അറിയിച്ചു.
ബാംബ ഫാന്റ (31), അബിഗേല്‍ അഡോണിസ് (30) എന്നിവരാണ് അറസ്റ്റിലായത്. മാർച്ച് 14നാണ് ഇരുവരെയും പിടികൂടിയതെന്ന് പൊലീസ് വ്യക്തമാക്കി. ഇരുവരും ഡല്‍ഹിയില്‍ താമസിക്കുന്നവരാണ്. ബെംഗളൂരുവിലേക്ക് വിമാനമാർഗം യാത്ര ചെയ്ത് ലഹരിക്കടത്തുന്നത് ഇവരുടെ സ്ഥിരം പതിവാണെന്നാണ് വിവരം. സമാനമായി ഡല്‍ഹിയില്‍ നിന്ന് ബെംഗളൂരുവിലേക്ക് വിമാനമാർഗം എത്തിയപ്പോഴാണ് പൊലീസിന്റെ വിലയിലായത്.
വിദേശവനിതകള്‍ വഴി വൻതോതില്‍ ലഹരിക്കടത്ത് നടക്കുന്നുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് രണ്ട് വനിതകളെയും ഇലക്‌ട്രോണിക് സിറ്റിക്ക് സമീപത്ത് നിന്ന് പൊലീസ് പിടികൂടിയത്. ഇവരുടെ കൈവശമുണ്ടായിരുന്ന രണ്ട് ട്രോളി ബാഗുകളിലാണ് MDMA ഉണ്ടായിരുന്നത്. 18,000 രൂപയും നാല് മൊബൈല്‍ ഫോണുകളും ഇവരുടെ പാസ്പോർട്ടുകളം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
രണ്ട് ട്രോളി ബാഗുകളില്‍ 75 കോടിയുടെ എംഡിഎംഎ; രണ്ട് വിദേശ വനിതകൾ അറസ്റ്റിൽ…
