എസ് പി പിള്ള
സ്മൃതി ദിനാചരണം ഇന്ന്

ഏറ്റുമാനൂര്‍ : അനശ്വര കലാകാരന്‍ എസ്.പി. പിള്ളയുടെ 39-മത് സ്മൃതി ദിനാചരണം ഇന്ന്. നന്ദാവനം ഓഡിറ്റോറിയത്തില്‍ വൈകുന്നേരം നാലു മണിക്ക് സ്മൃതി ദിനാചരണം മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്യും. എസ് പി സ്മാരക ട്രസ്റ്റ് പ്രസിഡന്റ് ഗണേഷ് ഏറ്റുമാനൂര്‍ അധ്യക്ഷനാകും. പ്രമുഖ സിനിമാതാരം ജയരാജ് വാര്യര്‍, ബാബു കുഴിമറ്റം, എന്‍ അരവിന്ദാക്ഷന്‍ നായര്‍, ബി. രാജീവ്,  ഹരി ഏറ്റുമാനൂര്‍, ബെന്നി ഫിലിപ്പ്, ജി ജഗദീഷ്, തുടങ്ങിയവര്‍ സംസാരിക്കും.

ഇന്ദിരാഗാന്ധിയിൽ നിന്നും എസ് പി പിള്ള ദേശീയ അവാർഡ് സ്വീകരിക്കുന്നു

1913 ഒക്ടോബര്‍ 12ന് എസ്.പങ്കജാക്ഷന്‍ പിള്ള എന്ന എസ.്പി പിള്ള ഏറ്റുമാനൂരില്‍ ജനിച്ചു. വളരെ ചെറുപ്പത്തില്‍ തന്നെ അദ്ദേഹത്തിന് മാതാപിതാക്കളെ നഷ്ടപ്പെട്ടു. ചെറുപ്രായത്തില്‍ തന്നെ കലാമണ്ഡ ലത്തില്‍ നിന്ന് ഓട്ടംതുള്ളലില്‍ പരിശീലനം നേടി. തുടര്‍ന്ന് സ്റ്റേജ് നാടകങ്ങളില്‍ സഹനടനായി തന്റെ അഭിനയപാടവം തെളിയിച്ചു. അഭിനയ ജീവിതത്തിന് വഴിത്തിരിവായത് മുതുകുളം രാഘവന്‍പിള്ളയുടെ ‘യാചകി’ എന്ന നാടകമാണ്. നൂറിലധികം നാടകവേദികളില്‍ ഹാസ്യ നടനായും, നായക നടനായും  അദ്ദേഹം ശോഭിച്ചു.

ആദ്യത്തെ ചലച്ചിത്രം അപ്പന്‍ തമ്പുരാന്റെ ഭൂതരായര്‍ ആയിരുന്നു. എന്നാല്‍ അത് റിലീസ്  ആയില്ല. 1940ല്‍ പുറത്തിറങ്ങിയ ജ്ഞാനാംബികയായിരുന്നു അടുത്ത ചിത്രം. 1950ല്‍ നല്ലതങ്ക എന്ന ചിത്രത്തി ല്‍കുടി വെള്ളിത്തിരയില്‍ ശ്രദ്ധേയനായി. ഉണ്ണിയാര്‍ച്ച, കറുത്ത രാത്രികള്‍, സ്‌നേഹസീമ, നായര് പിടിച്ച പുലിവാല്‍, ചെമ്മീന്‍, ഭാര്യ, വിടരുന്ന മൊട്ടുകള്‍  തുടങ്ങി 300 ലധികം സിനിമകളില്‍ അഭിനയിച്ചു.

ഹാസ്യ നടനായി പ്രസിദ്ധനായ അദ്ദേഹം ‘ചാര്‍ലി ചാപ്ലിന്‍’ എന്ന പേരിലും അറിയപ്പെട്ടു. ഉദയ സ്റ്റുഡിയോയുടെ എല്ലാ വടക്കന്‍ പാട്ട് ചിത്രത്തിലും ‘പാണനാര്‍’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് എസ് പി പിള്ളയായിരുന്നു. ചെമ്മീന്‍ സിനിമയിലെ  അച്ചന്‍കുഞ്ഞ് എന്ന കഥാപാത്രം അഭിനയ ജീവിത ത്തില്‍ പൊന്‍തൂവല്‍ ചാര്‍ത്തി.
1977 ലെ ടാക്‌സി ഡ്രൈവര്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു. തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് കലാരത്‌നം അവാര്‍ഡ് നല്‍കി ആദരിച്ചു.

പ്രേംനസീര്‍, സത്യന്‍, കൊട്ടാരക്കര ശ്രീധരന്‍ നായര്‍, പി ജെ ആന്റണി, തിക്കുറുശ്ശി, അടൂര്‍ ഭാസി,  ബഹദൂര്‍, ഉമ്മര്‍, ആറന്മുള പൊന്നമ്മ,സുകുമാരി, അടൂര്‍ ഭവാനി  തുടങ്ങിയവരുടെ ചിത്രങ്ങളില്‍ എസ് പി  പിള്ള അഭിനയിച്ചിരുന്നു. സഞ്ചാരി ആയിരുന്നു അവസാന ചിത്രം. ഏറ്റുമാനൂരിലെ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളില്‍ അദ്ദേഹത്തിന്റെ സജീവ സാന്നിധ്യം ഉണ്ടായിരുന്നു. 1973ല്‍ ഏറ്റുമാനൂര്‍ ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റിക്ക് രൂപം കൊടുക്കാന്‍ കാരണഭൂതനായതും എസ്. പി പിള്ളയാണ്. ഏറ്റുമാനൂര്‍  മഹാദേവന്റെ വിഗ്രഹം മോഷണം പോയപ്പോള്‍ അത് വീണ്ടെടുക്കുവാനുള്ള ശ്രമത്തിന്റെ  അമരക്കാരനായിരുന്നു അദ്ദേഹം. 1985 ജൂണ്‍ 12ന് എസ് പി പിള്ള വിടപറഞ്ഞു. സിനിമ, സിരിയല്‍താരം മഞ്ജു പിള്ള കൊച്ചു മകളാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!