കണ്ണൂര്‍: മലയാളചലച്ചിത്ര സംഗീതലോകത്തെ വിസ്മയിച്ച സംഗീതസംവിധായകന്‍ വി ദക്ഷിണാമൂര്‍ത്തിയുടെ ഓര്‍മ്മകള്‍ കാത്തുസൂക്ഷിക്കുന്ന ഒരു ക്ഷേത്രം കണ്ണൂരിലുണ്ട്. അദ്ദേഹത്തിന്റെ സ്മരണയ്ക്കായി മ്യൂസിയവും കണ്ണൂര്‍ ജില്ലയിലെ മക്രേരി അമ്പലത്തിലുണ്ട്. കേരളത്തിലെ അപൂര്‍വ്വം ആഞ്ജനേയ ക്ഷേത്രങ്ങളിലൊന്നാണിത്.
ഹനുമാന്‍ ഭക്തനായ ദക്ഷിണാമൂര്‍ത്തി വര്‍ഷങ്ങള്‍ക്കു മുന്‍പ് ഈ ക്ഷേത്രത്തെക്കുറിച്ച് അറിഞ്ഞ് ഇവിടെയെത്തുകയും പിന്നീട് ക്ഷേത്രപുനരുദ്ധാരണത്തിനായി തന്റെ കൈയ്യിലുളള പുരസ്‌കാരങ്ങള്‍ സംഗീതമണ്ഡപത്തിലേക്ക് നല്‍കുകയുമായിരുന്നു. സ്വാമിയുടെ മുന്‍കൈയ്യില്‍ നടത്തിയ ത്യാഗരാജ അഖണ്ഡ സംഗീതാരാധനാ യഞ്ജം ഇന്നും എല്ലാവര്‍ഷവും ഡിസംബറില്‍ ഇവിടെ നടക്കാറുണ്ട്. കേരളത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുമായി നിരവധി കര്‍ണാടക സംഗീതഞ്ജരാണ് ഇവിടെയെത്തുന്നത്.
2013 ഓഗസ്റ്റ് 23ന് തന്റെ 94-ാംമത്തെ വയസില്‍ ചെന്നൈ മൈലാപൂരിലെ വസതിയില്‍ കുഴഞ്ഞുവീണുമരിക്കുന്നതു വരെ ദക്ഷിണാമൂര്‍ത്തി സ്വാമി തന്നെയായിരുന്നു ത്യാഗരാജ അഖണ്ഡ സംഗീതാരാധനായഞ്ജത്തിന് നേതൃത്വം നല്‍കിയിരുന്നത്. ഇതോടെ മക്രേരി ക്ഷേത്രത്തിന്റെ പേരും പെരുമയും ഉയര്‍ന്നു. 2018-ഡിസംബര്‍ 28-നാണ് അന്നത്തെ ടൂറിസം വകുപ്പ് മന്ത്രി കടകംപളളി സുരേന്ദ്രന്‍ ദക്ഷിണാമൂര്‍ത്തി മ്യൂസിയം നാടിന് സമര്‍പ്പിച്ചത്.
1950മുതല്‍ 2013വരെയുളള കാലയളവില്‍ ദക്ഷിണാമൂര്‍ത്തി സ്വാമികള്‍ക്ക് സംഗീതസപര്യയ്ക്കു ലഭിച്ച പുരസ്‌കാരങ്ങളും അദ്ദേഹത്തിന്റെ അപൂര്‍വ്വ ചിത്രങ്ങളും ഈ മ്യൂസിയത്തില്‍ കാണാം. ഇന്നും സംഗീത പ്രേമികളുടെ ഇഷ്ട കേന്ദ്രങ്ങളിലൊന്നാണ് ഇവിടം. സംഗീതത്തിലും നൃത്തത്തിലും അരങ്ങേറ്റം കുറിക്കാനെത്തുന്നവര്‍ക്കായി ഒരു കലാമണ്ഡപവും കേരളീയ വാസ്തു ശില്‍പരീതിയില്‍ ടൂറിസം വകുപ്പ് ഇവിടെ നിര്‍മിച്ചിട്ടുണ്ട്.
സംഗീതത്തിന്റെയും നൃത്തത്തിന്റെയും മറ്റുകലകളുടെയും കേദാരമായി ഒരു ക്ഷേത്രം മാറുകയെന്നത് അപൂര്‍വ്വമാണ്. ഇത്തരമൊരു ഖ്യാതിയുടെ കഥയാണ് മക്രേരി അമ്പലത്തിന് പറയാനുളളത്. പാലക്കാട് കല്‍പാത്തിപോലെ കര്‍ണാടസ സംഗീത രാഗങ്ങള്‍ ഡിസംബറിന്റെ കുളിരില്‍ പെയ്തിറങ്ങുന്ന മക്രേരിയെ സ്ഥിരം സംഗീതകേന്ദ്രമാക്കി മാറ്റാനുളള പ്രവര്‍ത്തനങ്ങളാണ് സാംസ്‌കാരിക വകുപ്പ് നടത്തിവരുന്നത്.