കൊച്ചി: വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ ജെ എസ് സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതികള്‍ നല്‍കിയ ജാമ്യ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ അമ്മക്ക് അനുവാദം നല്‍കി ഹൈക്കോടതി. പ്രതികളുടെ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് സിദ്ധാര്‍ഥന്റെ അമ്മ ഷീബ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ജാമ്യ ഹര്‍ജി ഈ മാസം 22ന് പരിഗണിക്കും. ജസ്റ്റിസ് മുഹമ്മദ് നിയാസാണ് ഹര്‍ജി പരിഗണിച്ചത്.
സിദ്ധാര്‍ഥന്റെ മരണകാരണം ഇപ്പോഴും വ്യക്തമല്ലെന്നും സിബിഐ സമര്‍പ്പിച്ച അന്തിമറിപ്പോര്‍ട്ടില്‍ നിന്നും പ്രതികളുടെ പങ്ക് വ്യക്തമാണെന്നുമാണ് സിദ്ധാര്‍ഥന്റെ അമ്മ നല്‍കിയ ഹര്‍ജിയില്‍ പറയുന്നത്. അതിക്രൂരമായ ആക്രമണമാണ് തന്റെ മകന്‍ നേരിട്ടതെന്നും പറയുന്നുണ്ട്. വൈദ്യസഹായം നല്‍കാന്‍ പോലും പ്രതികള്‍ തയാറായില്ല. സിബിഐ ഹൈക്കോടതിയില്‍ നല്‍കിയ അന്തിമ റിപ്പോര്‍ട്ടില്‍ നിന്നും കേസില്‍ തുടരന്വേഷണം വേണമെന്ന കാര്യം വ്യക്തമാണെന്നും അമ്മ ഹര്‍ജിയില്‍ പറയുന്നു.
കഴിഞ്ഞ ആഴ്ചയാണ് കേസില്‍ സിബിഐ പ്രാഥമിക കുറ്റപത്രം കോടതിയില്‍ ഹാജരാക്കിയത്. കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട് 20 വിദ്യാര്‍ഥികളാണ് ഇതുവരെ അറസ്റ്റിലായത്. ഇതില്‍ പത്തോളം വിദ്യാര്‍ഥികളാണ് ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. ഈ ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് സിദ്ധാര്‍ഥന്റെ അമ്മയെ കക്ഷി ചേര്‍ക്കാന്‍ കോടതി അനുവദിച്ചത്.
2024 ഫെബ്രുവരി 18നാണ് സിദ്ധാര്‍ഥനെ ഹോസ്റ്റലിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രതികള്‍ പരസ്യവിചാരണ നടത്തുകയും മര്‍ദിക്കുകയും ചെയ്തതിനെ തുടര്‍ന്ന് സിദ്ധാര്‍ഥന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് കേസ്.