മമ്മൂട്ടിയുടെ വീട്ടില്‍ താമസിക്കാം; പനമ്പിള്ളി നഗറിലെ വീട് ഇനി ഹോം സ്റ്റേ…

കൊച്ചി: പനമ്പിള്ളി നഗറിലെ മമ്മൂട്ടിയുടെയും കുടുംബത്തിന്റെയും പഴയ വീട്ടില്‍ ഇനി ആരാധകര്‍ക്ക് താമസിക്കാം. 2008 മുതല്‍ 2020 വരെ മമ്മൂട്ടിയും കുടുംബവും താമസിച്ചത് ഈ വീട്ടിലാണ്. അറ്റകുറ്റപ്പണികള്‍ നടത്തി ‘മമ്മൂട്ടി ഹൗസ്’ കഴിഞ്ഞ ദിവസം മുതല്‍ അതിഥികള്‍ക്ക് തുറന്നുനല്‍കി. വെക്കേഷന്‍ എക്സ്പീരിയന്‍സ് എന്ന ഗ്രൂപ്പാണ് മമ്മൂട്ടിയുടെ വീട്ടിലെ താമസത്തിന് സൗകര്യമൊരുക്കുന്നത്. ബോട്ടീക് മോഡലിലാണ് വീട് പുതുക്കി പണിതിരിക്കുന്നത്. ഇവിടെ സ്റ്റേക്കേഷനായുള്ള ബുക്കിങ്ങ് തുടങ്ങിക്കഴിഞ്ഞു.

‘മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ കൊച്ചി പനമ്പിള്ളി നഗറിലെ കെ.സി. ജോസഫ് റോഡിലുള്ള ഐതിഹാസികമായ വീട് ഇപ്പോള്‍ അദ്ദേഹത്തിന്റെ ആരാധകര്‍ക്കായി തുറന്നിരിക്കുന്നു, മമ്മൂട്ടിയുടെയും കുടുംബത്തിന്റെയും മേല്‍നോട്ടത്തില്‍ രൂപകല്പന ചെയ്ത, ഒരു ബോട്ടിക് വില്ലയാണ് മമ്മൂട്ടിയുടെ വീട്. പതിറ്റാണ്ടുകളുടെ ഓര്‍മകള്‍ സൂക്ഷിക്കുന്ന വീടിന്റെ ഓരോ മൂലയും ഓരോ കഥ പറയുന്നു…’ -വെക്കേഷന്‍ എക്സ്പീരിയന്‍സ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

അത്യാഡംബരസൗകര്യങ്ങളോടുകൂടിയുള്ളതാണ് ഈ വീട്. 75000 രൂപയാണ് ഒരു ദിവസം മമ്മൂട്ടിയുടെ വീട്ടില്‍ താമസിക്കാനായുള്ള തുകയെന്നാണ് റിപ്പോര്‍ട്ട്. മമ്മൂട്ടി കുടുംബസമേതം ഇവിടെയാണ് കഴിഞ്ഞിരുന്നത്. നാല് വര്‍ഷം മുമ്പാണ് താമസം മാറുന്നത്. വൈറ്റില ജനതയില്‍ അംബേലിപ്പാടം റോഡില്‍ പണിത പുതിയ വീട്ടിലാണ് നിലവില്‍ താമസിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!