ചികിത്സയ്ക്കായി ഡോക്ടറെ വീട്ടിലേക്ക് വിളിച്ചു വരുത്തിയ കളക്ടറുടെ നടപടി തെറ്റല്ല; നടപടി വേണ്ടെന്ന നിലപാടിൽ സർക്കാർ

തിരുവനന്തപുരം: കുഴിനഖ ചികിത്സക്കായി ഡോക്ടറെ വീട്ടിലേക്ക് വിളിച്ചു വരുത്തിയ തിരുവനന്തപുരം ജില്ലാ കലക്ടർ ജെറോമിക് ജോർജിനെതിരെ നടപടി ഉണ്ടാകില്ല.

ജനറൽ ആശുപത്രിയിലെ ഒപിയിൽ രോഗികളെ പരിശോധിക്കുകയായിരുന്ന ഡോക്ടറെ വിളിച്ചു വരുത്തിയ കളക്ടറുടെ നടപടിയിൽ തെറ്റില്ലെന്നാണ് സർക്കാർ വിലയിരുത്തിയത്. ഇതോടെ സംഭവത്തിൽ പ്രതിഷേധിച്ച ഡോക്ടറും ഡോക്ടർമാരുടെ സംഘടനയും അവരുടെ പ്രതിഷേധം കടിച്ചമർത്തേണ്ടി വരും. സംഭവത്തിൽ കെജിഎംഒഎയെ കടുത്ത എതിർപ്പ് രേഖപ്പെടുത്തിയിരുന്നു.

കളക്ടറുടേത് അധികാര ദുർവിനിയോഗമാണെന്നും ആരോപണം ഉയർന്നിരുന്നു. എന്നാൽ, ഈ ആരോപണങ്ങളെല്ലാം സർക്കാർ തള്ളുകയാണ് ചെയ്യുന്നത്.
സംഭവം വിവാദമാക്കിയതിന് പിന്നിൽ ഡോക്ടറും സർവീസ് സംഘടനയുമാണെന്നാണ് സർക്കാറിനിന്റെ വിലയിരുത്തൽ.

സംഭവത്തിൽ ചീഫ് സെക്രട്ടറി ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. കുഴിനഖ ചികിത്സയ്ക്കായി ഡോക്ടറെ വീട്ടിലേക്കു വിളിച്ചു വരുത്തിയതിൽ കളക്ടർക്കു തെറ്റു പറ്റിയിട്ടില്ലെന്നാണ് സർക്കാർ വിലയിരുത്തൽ. കളക്ടറുടെ ഔദ്യോഗിക തിരക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഒപിയിലെ തിരക്ക് മാറ്റിവയ്ക്കാവുന്നതുമാണ്.

സംഭവം രണ്ട് തലത്തിൽ വടംവലിയായി മാറിയതോടെ ഐഎഎസ് അസോസിയേഷൻ മേൽക്കൈ നേടുന്ന അവസ്ഥയാണ് ഇപ്പോൾ കാണുന്നത്.
രോഗിയുടെ ചികിത്സ പരസ്യപ്പെടുത്തിയ ഡോക്ടർ കുറ്റക്കാരനാണെന്നും ഐഎഎസ് അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നു. ചീഫ് സെക്രട്ടറിയെ ജില്ലാ കളക്ടറും ഇക്കാര്യം അറിയിച്ചിട്ടുണ്ട്.

മാത്രമല്ല, സംസ്ഥാനത്തെ തന്നെ മികച്ച കളക്ടർക്കുള്ള അവാർഡ് കിട്ടിയ ജെറോമിക് ജോർജിനെതിരെ ചികിത്സാ വിവാദത്തിൽ നടപടിയെടുത്താൽ അതു സർക്കാരിനും അവമതിപ്പുണ്ടാക്കും. ഇതെല്ലാം കണക്കിലെടുത്താണ് കളക്ടർക്കെതിരെയുള്ള നടപടി വേണ്ടെന്ന തീരുമാനത്തിൽ എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!