അജ്മീർ: മസ്ജിദിനുള്ളില്‍ ഉറങ്ങിക്കിടന്ന ഇമാം കൊല്ലപ്പെട്ട സംഭവത്തില്‍ വൻ വഴിത്തിരിവ്. അജ്മീറിലെ മുഹമ്മദി മസ്ജിദിലെ ഇമാം മൗലാന മുഹമ്മദ് മാഹിർ കൊല്ലപ്പെട്ട സംഭവത്തിലാണ് പൊലീസ് പ്രതികളെ കണ്ടെത്തിയത്.
ലൈംഗികമായി പീഡിപ്പിച്ച ഇമാമിനെ പ്രായപൂർത്തിയാവാത്ത മദ്രസ വിദ്യാർത്ഥികള്‍ കൊലപ്പെടുത്തുക യായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. ഇമാമിനെ കൊലപ്പെടുത്തിയ പ്രായപൂർത്തിയാവാത്ത ആറ് പേരെ കസ്റ്റഡിയിലെടുത്തെന്നും അജ്മീർ പൊലീസ് അറിയിച്ചു.
ഏപ്രില്‍ 27 നാണ് കൊലപാതകം നടന്നത്. ഉത്തർ പ്രദേശ് സ്വദേശിയായ മാഹിർ കഴിഞ്ഞ എട്ട് വർഷമായി മസ്ജിദിലാണ് താമസം. മുഖംമൂടി ധരിച്ചെത്തിയ മൂന്ന് പേർ മാഹിറിനെ കൊലപ്പെടുത്തി എന്നാണ് എല്ലാ വിദ്യാർത്ഥികളും നല്‍കിയ മൊഴി. കേസന്വേഷണം ശ്രമകരമായിരുന്നെന്ന് അജ്മീർ പൊലീസ് സൂപ്രണ്ട് ദേവേന്ദ്ര കുമാർ ബിഷ്‌നോയ് പറഞ്ഞു.
നിരവധി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും കൊലപാതകികളെ സംബന്ധിച്ച് സൂചനകളൊന്നും ലഭിച്ചില്ല. വിദ്യാർത്ഥികളെ വിശ്വാസത്തിലെടുത്താണ് അന്വേഷണം മുൻപോട്ടു കൊണ്ടുപോയതെന്നും എസ്പി പറഞ്ഞു.
എന്നാല്‍ മദ്രസയിലെ വിദ്യാർത്ഥികളില്‍ ഒരാളെ മാഹിർ ലൈംഗികമായി ചൂഷണം ചെയ്തതായി അന്വേഷണത്തില്‍ കണ്ടെത്തിയെന്ന് പൊലീസ് സൂപ്രണ്ട് പറഞ്ഞു. എല്ലാം തുറന്നുപറയുമെന്ന് പറഞ്ഞപ്പോള്‍ ഇമാം വിദ്യാർത്ഥിയെ ഭീഷണിപ്പെടുത്തി. എന്നാല്‍ പീഡനം തുടർന്നതോടെ വിദ്യാർത്ഥികള്‍ മാഹിറിനെ കൊലപ്പെടുത്താൻ തീരുമാനിക്കുക യായിരുന്നു. മർദിച്ച ശേഷം കഴുത്തില്‍ കയറിട്ടാണ് ഇമാമിനെ വിദ്യാർത്ഥികള്‍ കൊലപ്പെടുത്തിയതെന്നും എസ്പി പറഞ്ഞു.
സംഭവത്തില്‍ ആറ് വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്തെന്ന് പൊലീസ് അറിയിച്ചു. പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥികള്‍ ആയതിനാല്‍ അവരുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
