തെലങ്കാന : ഈ തവണ ബി ജെ പി അധികാരത്തിൽ വന്നാൽ ഭരിക്കുന്നത് മോദി ആയിരിക്കില്ല എന്ന അരവിന്ദ് കെജ്രിവാളിന്റെ പരാമർശത്തിനെതിരെ രംഗത്ത് വന്ന് അമിത് ഷാ. അത്തരത്തിൽ ഒരു സന്തോഷത്തിനുള്ള വകയും കേജ്രിവാളിന് ഇല്ല എന്നും, അടുത്ത അഞ്ച് വർഷവും പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഇന്ത്യ ഭരിക്കുമെന്നും അമിത് ഷാ തുറന്നടിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 75 വയസായി, അതിനാൽ ഇനി അടുത്ത തവണ അദ്ധേഹം രാജ്യം ഭരിക്കില്ല എന്നാണ് അരവിന്ദ് കെജ്രിവാൾ ആരോപിച്ചത്. ഇത്തവണ അമിത് ഷായ്ക്ക് വേണ്ടിയാണ് മോദി പ്രചാരണം നടത്തുന്നതെന്നും കെജ്രിവാൾ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് സാക്ഷാൽ അമിത് ഷാ തന്നെ മുന്നോട്ട് വന്നത്.
“എനിക്ക് അരവിന്ദ് കെജ്രിവാളിനോടും കൂട്ടരോടും പറയാനുള്ളത് ഇത്ര മാത്രമാണ്, മോദിക്ക് 75 വയസ്സ് തികഞ്ഞു എന്നതിൽ നിങ്ങൾക്ക് സന്തോഷിക്കാൻ ഒന്നും തന്നെയില്ല. 75 വയസ്സ് കഴിഞ്ഞാൽ അദ്ദേഹത്തിന് പ്രധാനമന്ത്രിയാകാൻ കഴിയില്ലെന്ന് ബിജെപിയുടെ ഭരണഘടനയിൽ ഒരിടത്തും എഴുതിയിട്ടില്ല. അദ്ദേഹം പ്രധാനമന്ത്രിയായി കാലാവധി പൂർത്തിയാക്കും. അത്തരത്തിലുള്ള ഒരു ആശയക്കുഴപ്പവും പാർട്ടിയിൽ ആർക്കുമില്ല ,” അമിത് ഷാ തെലങ്കാനയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ തുറന്നടിച്ചു.