റാഞ്ചി : ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ആകെ ലഭിക്കാൻ പോകുന്ന സീറ്റുകൾ രാഹുൽഗാന്ധിയുടെ പ്രായത്തെക്കാൾ കുറവായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജാർഖണ്ഡിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുമ്പോൾ ആയിരുന്നു മോദി കോൺഗ്രസിനെ കടന്നാക്രമിച്ചത്. പതിനെട്ടാംനൂറ്റാണ്ടിലെ മാനസികാവസ്ഥയിലാണ് ഇപ്പോഴും കോൺഗ്രസ് എന്നും മോദി വ്യക്തമാക്കി.
“അയോധ്യയിൽ രാമക്ഷേത്രം സന്ദർശിച്ച രാഷ്ട്രപതി ദ്രൗപതി മുർമുവിനെ പോലും പരിഹസിക്കുകയും അപമാനിക്കുകയും ആണ് കോൺഗ്രസ് നേതാക്കൾ ചെയ്യുന്നത്. ഇന്ത്യയുടെ രാഷ്ട്രപതി എന്നതിലുപരി വനവാസി എന്ന നിലയിലാണ് ബഹുമാനപ്പെട്ട രാഷ്ട്രപതിയെക്കുറിച്ച് കോൺഗ്രസ് നേതാക്കൾ പ്രസ്താവന നടത്തിയത്. ഭഗവാൻ ശ്രീരാമൻ പോലും 14 വർഷം വനവാസിയായിരുന്നു. ആ വനവാസകാലമാണ് അദ്ദേഹത്തെ മര്യാദ പുരുഷോത്തമൻ ആക്കി മാറ്റിയത്. ഒരു വനവാസി വനിതയെ ഈ രാജ്യത്തിന്റെ രാഷ്ട്രപതിയാക്കാൻ കഴിഞ്ഞതിൽ എൻഡിഎ സർക്കാരിന് എന്നും അഭിമാനമാണ് ഉള്ളത് ” എന്നും നരേന്ദ്രമോദി വ്യക്തമാക്കി.
“കോൺഗ്രസ് രാജ്യത്തെ മറ്റ് പല പാർട്ടികളെയും കൂട്ടുപിടിച്ച് നിൽക്കുന്നത് ഭരിക്കാൻ കഴിയും എന്നുള്ള പ്രതീക്ഷ കൊണ്ടല്ല. കോൺഗ്രസിലെ രാജകുമാറിന്റെ പ്രായത്തേക്കാൾ കുറവ് സീറ്റുകൾ മാത്രമേ കോൺഗ്രസിന് ലഭിക്കൂ എന്ന് അവർക്കറിയാം. എല്ലാ ചെറു പാർട്ടികളെയും ഒന്നിച്ചു നിർത്തി പ്രതിപക്ഷ പദവി നഷ്ടപ്പെടാതെ നോക്കുവാൻ ആണ് കോൺഗ്രസ് ഇപ്പോൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. തിരഞ്ഞെടുപ്പിനുശേഷം എല്ലാ ചെറു പാർട്ടികളും കോൺഗ്രസിൽ ലയിക്കണം എന്ന അവരുടെ നേതാവിന്റെ പ്രസ്താവന തന്നെ ഈ നിരാശയാണ് വെളിപ്പെടുത്തുന്നത്” എന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി.