തിരുവനന്തപുരം: പ്രശസ്ത നിർമാതാവ് ഗാന്ധിമതി ബാലൻ അന്തരിച്ചു. 66 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ഏറെനാളായി ചികിത്സയിലായിരുന്നു. കഴിഞ്ഞ ആഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ഇന്ന് ഉച്ചയ്ക്ക് 12.55നായിരുന്നു അന്ത്യം. സംസ്‌കാരം നാളെ തിരുവനന്തപുരത്ത് നടക്കും.
തൂവാനത്തുമ്പികൾ, പഞ്ചവടിപ്പാലം എന്നിവയുൾപ്പെടെയുള്ള ക്ലാസിക്ക് സിനിമകളുടെ നിർമാതാവാണ് ഗാന്ധിമതി ബാലൻ. ചലചിത്ര അക്കാദമി മുൻ വൈസ് ചെയർമാനായിരുന്നു അദ്ദേഹം. പഞ്ചവടിപ്പാലം, പത്താമുദയംഏ സുഖമോ ദേവി, നൊമ്പരത്തിപ്പൂവ്, മൂന്നാംപക്കം, ഈ തണുത്ത വെളുപ്പാൻകാലത്ത് എന്നിവയുൾപ്പെടെ മുപ്പതോളം ചിത്രങ്ങളുടെ നിർമാണവും വിതരണവും നടത്തിയിട്ടുണ്ട്. ക്ലാസിക്ക് സിനിമകളുടെ രാജാവായ പത്മരാജനൊപ്പമാണ് അദ്ദേഹം ഏറ്റവും കൂടുതൽ ചിത്രങ്ങൾ ചെയ്തിട്ടുള്ളത്. 1990ൽ പുറത്തിറങ്ങിയ ഈ തണുത്ത വെളുപ്പാൻ കാലത്ത് ആണ് അദ്ദേഹത്തിന്റെ അവസാന ചിത്രം.
2015ൽ നാഷണൽ ഗെയിംസ് ചീഫ് ഓർഗെൈനസർ ആയിരുന്നു ഗാന്ധിമതി ബാലൻ. ഇവന്റ്‌സ് ഗാന്ധിമതി എന്ന ഇവന്റ് മാനേജ്‌മെന്റ് കമ്പനി ഉടമ കൂടിയാണ് അദ്ദേഹം. 63-ാം വയസിൽ ആലിബൈ ഗ്ലോബൽ കമ്പനി എന്ന പേരിൽ സൈബർ ഫോറൻസിക് സ്റ്റാർട്ടപ്പ് കമ്പനി സ്ഥാപിച്ചു. രാജ്യത്തെ ഒട്ടുമിക്ക കുറ്റന്വേഷണ ഏജൻസികൾക്കും സൈബർ ഇന്റലിജൻസ് സേവനം നൽകുന്ന സ്ഥാപനാമാണ് ഇന്ന് ആലിബൈ ഗ്ലോബൽ കമ്പനി.
ഭാര്യ – അനിത ബാലൻ. മക്കൾ: സൗമ്യ ബാലൻ (ഫൗണ്ടർ ഡയറക്ടർ -ആലിബൈ സൈബർ ഫോറെൻസിക്‌സ്), അനന്ത പത്മനാഭൻ (മാനേജിങ് പാർട്ണർ – മെഡ്‌റൈഡ്, ഡയറക്ടർ-ലോക മെഡി സിറ്റി) മരുമക്കൾ: കെ.എം.ശ്യാം
(ഡയറക്ടർ – ആലിബൈ സൈബർ ഫോറെൻസിക്‌സ്, ഡയറക്ടർ- ഗാന്ധിമതി ട്രേഡിങ് & എക്‌സ്‌പോർട്‌സ്), അൽക്ക നാരായൺ (ഗ്രാഫിക് ഡിസൈനർ).
