‘ഇവന് ഒരു അവസരം നല്‍കൂ’; മകന്‍ വൈഭവിനെ വിജയിപ്പിക്കാന്‍ കിണഞ്ഞു ശ്രമിച്ച് ഗെഹലോട്ട്

ജയ്പൂര്‍: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മകന്‍ വൈഭവ് ഗെഹലോട്ടിനെ ഏതു വിധേനയും വിജയിപ്പിക്കാനുള്ള തീവ്ര പരിശ്രമത്തിലാണ് കോണ്‍ഗ്രസ് നേതാവും രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രിയുമായ അശോക് ഗെഹലോട്ട്. രാജസ്ഥാനിലെ ജലോര്‍-സിരോഹി മണ്ഡലത്തില്‍ കോണ്‍ഗ്രസ് ടിക്കറ്റിലാണ് വൈഭവ് മത്സരിക്കുന്നത്.

കുടുംബാംഗങ്ങള്‍, മുന്‍ മന്ത്രിമാര്‍, വിശ്വസ്തനായ നേതാക്കള്‍ എല്ലാവരെയും ഗെഹലോട്ട് മകന്റെ വിജയത്തിനായി മണ്ഡലത്തില്‍ പ്രചാരണത്തിന് നിയോഗിച്ചിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ കേന്ദ്രനേതാക്കളെയും പ്രചാരണത്തിന് മണ്ഡലത്തിലെത്തിക്കാനാണ് അശോക് ഗെഹലോട്ടിന്റെ നീക്കം.

മകന്റെ രാഷ്ട്രീയ ഭാവി സംബന്ധിച്ച് ഒരു റിസ്‌കും ഏറ്റെടുക്കാന്‍ അശോക് ഗെഹലോട്ട് തയ്യാറല്ലെന്ന് അദ്ദേഹത്തിന്റെ വിശ്വസ്തന്‍ സൂചിപ്പിച്ചു. നാമനിര്‍ദേശപത്രിക സമര്‍പ്പിച്ച ദിവസം നടന്ന പരിപാടിയില്‍ അശോക് ഗെഹലോട്ടിന്റെ ഭാര്യ സുനിത, സ്ഥാനാര്‍ത്ഥി വൈഭവ് ഗെഹലോട്ടിന്റെ ബാര്യ, മകള്‍ എന്നിവരെല്ലാം സന്നിഹിതരായിരുന്നു.

പരിപാടിയില്‍ നടത്തിയ വികാരനിര്‍ഭരമായ പ്രസംഗത്തില്‍ അശോക് ഗെഹലോട്ട് ഇപ്രകാരം പറഞ്ഞു. ‘ഞങ്ങളെല്ലാം ഇവിടെയുണ്ട്. ഞങ്ങളുടെ മകനെ നിങ്ങള്‍ക്ക് തരുന്നു. ഇവനെ ഏറ്റെടുക്കുക. അവന് ഒരു അവസരം നല്‍കുക. അവന്റെ വാതില്‍ എല്ലായിപ്പോഴും നിങ്ങള്‍ക്കായി തുറന്നുകിടപ്പുണ്ടാകും. നിങ്ങള്‍ക്ക് ഒരിക്കലും നിരാശപ്പെടേണ്ടി വരില്ല. മണ്ഡലത്തിലെ പ്രശ്‌നങ്ങള്‍ എപ്പോഴും കേള്‍ക്കുന്നതിനായി പ്രത്യേക സെല്‍ തന്നെ തുറക്കു’മെന്നും പ്രസംഗത്തില്‍ അശോക് ഗെഹലോട്ട് ജനങ്ങള്‍ക്ക് വാക്കു നല്‍കി.

രജ്പുത് സമുദായത്തിന് കോണ്‍ഗ്രസുമായിട്ടുള്ള ബന്ധവും അശോക് ഗെഹലോട്ട് അനുസ്മരിച്ചു. രജ്പുത് സമുദായത്തിന്റെ പിന്തുണയും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. രജ്പുത് സമുദായത്തിന്റെ പിന്തുണ ഉറപ്പിക്കുന്നതിന്റെ ഭാഗമായി ജോധ്പൂര്‍ മണ്ഡലത്തില്‍, പാര്‍ട്ടിയിലെ എതിരാളിയായ സച്ചിന്‍ പൈലറ്റിന്റെ വിശ്വസ്തന്‍ കരണ്‍ സിങ് ഉച്ചിയാര്‍ഡയെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയിട്ടുള്ളത്. 2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വൈഭവ് ഗെഹലോട്ട് ജോധ്പൂരില്‍ കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്തിനോട് പരാജയപ്പെട്ടിരുന്നു.

അതിനിടെ, ജലോര്‍-സിരോഹി മണ്ഡലത്തില്‍ വൈഭവ് ഗെഹലോട്ടിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് വെല്ലുവിളിയായി കോണ്‍ഗ്രസ് നേതാവ് ലാല്‍ സിങ് റാത്തോര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. കോണ്‍ഗ്രസ് ടിക്കറ്റ് നിഷേധിച്ചതോടെ, ബിഎസ്പി സ്ഥാനാര്‍ത്ഥിയായിട്ടാണ് റാത്തോര്‍ പത്രിക നല്‍കിയത്. മകന്റെ വിജയത്തിന് ഭീഷണിയാകും എന്നതിനാല്‍ ലാല്‍ സിങ് റാത്തോറുമായി ചര്‍ച്ച നടത്തിയ അശോക് ഗെഹലോട്ട്, റാത്തോറിനെക്കൊണ്ട് പത്രിക പിന്‍വലിപ്പിക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!