ഷാർജ അഗ്നിബാധ; മരിച്ചവരിൽ എആർ റഹ്‌മാന്റെ സൗണ്ട് എൻജിനീയറും

ഷാർജ: ഷാർജയിലെ അൽ നഹ്ദയിലെ ബഹുനില കെട്ടിടത്തിൽ ഉണ്ടായ അഗ്നിബാധയിൽ മരിച്ചവരിൽ രണ്ട് പേർ ഇന്ത്യക്കാർ. മൈക്കിൾ സത്യദാസ്, 29 വയസുകാരിയായ മുംബൈ സ്വദേശിനി എന്നിവരാണ് മരിച്ചത്. കനത്ത പുക ശ്വസിച്ച് ശ്വാസം മുട്ടിയാണ് ഇരുവരും മരിച്ചത്.

സംഗീതജ്ഞരായ എആർ റഹ്‌മാൻ, ബ്രൂണോ മാർസ് എന്നിവരുടെയൊപ്പം സംഗീത പരിപാടികളിൽ സൗണ്ട് എൻജിനീയറായി പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ് മൈക്കിൾ സത്യദാസ്. മൈക്കിളിന്റെ സഹോദരൻ സമൂഹ മാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ രണ്ട് വർഷമായി മൈക്കിൾ സത്യദാസ് ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ ജോലി ചെയ്യുകയായിരുന്നു

മരിച്ച മുംബൈ സ്വദേശിയുടെ ഭർത്താവ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. അടുത്തിടെയായിരുന്നു ഇവരുടെ വിവാഹം. ഇന്ത്യക്കാരടക്കം അഞ്ച് പേരാണ് തീപിടുത്തത്തിൽ കൊല്ലപ്പെട്ടത്. മരിച്ച ഇന്ത്യക്കാരുടെ കുടുംബവുമായി ബന്ധപ്പെട്ട് വരികയാണെന്ന് ഇന്ത്യൻ കോൺസുലേറ്റ് അധികൃതർ അറിയിച്ചു. ചികിത്സയിലുള്ള ഇന്ത്യക്കാർക്ക് ആവശ്യമായ സഹായവും ചെയ്യുമെന്നും അധികൃതർ അറിയിച്ചു.

44 പേരെയായിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. ഇതിൽ 27 പേർ ആശുപത്രി വിട്ടു. കെട്ടിടത്തിൽ ആകെ 750 അപ്പാർട്ട്‌മെന്റുകളാണുള്ളത്. 18, 26 നിലകളിലെ ഇലക്ട്രിക്കൽ ട്രാൻസ്‌ഫോർമറുകളിൽ നിന്നാണ് തീപിടിച്ചത്. തീ പടർന്ന ഉടൻ തന്നെ താമസക്കാരെ ഒഴിപ്പിച്ചതിനാൽ വലിയ ദുരന്തം ഒഴിവായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!