ന്യൂഡല്‍ഹി : മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ അറസ്റ്റിനെതിരെ എഎപി പ്രവര്‍ത്തകര്‍ ഡല്‍ഹിയില്‍ നടത്തിയ പ്രതിഷേധത്തില്‍ സംഘര്‍ഷം.
ബിജെപി ഓഫീസിലേക്കാണ് മന്ത്രിമാരുടെ നേതൃത്വത്തില്‍ എഎപി പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് തടഞ്ഞതോടെ പൊലീസും എഎപി പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഇതേത്തുടര്‍ന്നാണ് സംഘര്‍ഷാവസ്ഥ ഉടലെടുത്തത്.
സംഘര്‍ഷത്തിനിടെ മന്ത്രിമാരായ അതിഷി മര്‍ലേനയും സൗരഭ് ഭരദ്വാജും റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. തുടര്‍ന്ന് പൊലീസ് രണ്ടു മന്ത്രിമാരെയും ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി. പ്രതിഷേധിച്ച നിരവധി എഎപി പ്രവര്‍ത്തകരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. എഎപി പ്രതിഷേധം കണക്കിലെടുത്ത് ഡല്‍ഹി ഡിഡി മാര്‍ഗ് ഏരിയയില്‍ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
പ്രതിഷേധത്തെ തുടർന്ന് ഡൽഹിയിൽ ഗതാഗത സ്തംഭനം ഉണ്ടായിട്ടുണ്ട്. ശക്തമായ പ്രതിഷേധ സാധ്യത മുന്നിൽക്കണ്ട് ഡൽഹിയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. കെജരിവാളിന്റെ അറസ്റ്റിൽ രാജ്യവ്യാപക പ്രതിഷേധത്തിന് എ എ പി ആഹ്വാനം ചെയ്തിട്ടുണ്ട്.
