ചങ്ങനാശ്ശേരി: നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ സമുദൂരനയത്തില്‍ നിന്നും വ്യതിചലിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത യൂണിയന്‍ പ്രസിഡന്റിന് സ്ഥാനം തെറിച്ചു. എന്‍എസ്എസ് മീനച്ചില്‍ താലൂക്ക് യൂണിയന്‍ പ്രസിഡന്റ് സി.പി. ചന്ദ്രന്‍ നായരെയാണ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കിയത്.
എന്‍എസ്എസിന്റെ പ്രഖ്യാപിത നയങ്ങള്‍ക്ക് വിരുദ്ധമായ നിലപാട് സ്വീകരിച്ചതിനാണ് നടപടി. സംഘടനയുടെ ഭാരവാഹിത്വത്തില്‍ ഇരിക്കുന്നവര്‍ രാഷ്ട്രീയ താല്പര്യങ്ങളോടെ പെരുമാറരുതെന്നാണ് ചട്ടം. എന്നാല്‍ സമുദായാംഗങ്ങള്‍ക്ക് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നതില്‍ തടസ്സമില്ല. അതേസമയം, ഭാരവാഹികള്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുകയും സമദൂര നിലപാട് സ്വീകരിക്കുകയും വേണം.
ഇതില്‍ നിന്ന് വിഭിന്നമായ നിലപാട് സി.പി. ചന്ദ്രന്‍നായര്‍ സ്വീകരിച്ചതോടെ യൂണിയന്‍ കമ്മിറ്റിയിലെ ഭൂരിഭാഗം അംഗങ്ങളും എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയെ കണ്ട് പരാതി അറിയിക്കുകയായിരുന്നു. ഭൂരിഭാഗം അംഗങ്ങളും കമ്മിറ്റിയില്‍ നിന്നും രാജിവച്ചതോടെ യൂണിയന്‍ കമ്മിറ്റി നിലവിലില്ലാതായി. ഇതോടെ സി.പി. ചന്ദ്രന്‍നായര്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്താവുകയുമായിരുന്നു. തുടര്‍ന്ന് അഡ്ഹോക്ക് കമ്മിറ്റിയെയും നിയമിച്ചിട്ടുണ്ട്.
