സൈക്കിൾ മോഷ്ടിച്ച് തുടങ്ങി, കവർച്ച പതിവാക്കി, ബലാത്സം​ഗക്കേസിലും ജയിലിലായി, ഒടുവിൽ അനുവിനെ ക്രൂരമായി കൊന്നു

കോഴിക്കോട്: അനു കൊലക്കേസിലെ പ്രതി മുജീബ് റഹ്മാന്‍റെ പേരില്‍ സ്വന്തം നാട്ടില്‍ മാത്രമുള്ളത് പതിമൂന്ന് ക്രിമിനല്‍ കേസുകള്‍. മയക്കുമരുന്ന് സംഘങ്ങളുമായി അടുത്ത ബന്ധമുള്ള മുജീബിനെതിരെ ശബ്ദിക്കാൻ നാട്ടുകാര്‍ക്ക് ഭയമാണ്. ചെറുപ്പത്തില്‍ സൈക്കിള്‍ മോഷ്ടിച്ച് തുടങ്ങിയതാണ്. പിന്നീടങ്ങോട്ട് നിരനിരയായി അമ്പത്തിയാറ് ക്രിമിനല്‍ കേസുകള്‍. വീടുകളിലും സ്ഥാപനങ്ങളിലും കയറിയുള്ള കവര്‍ച്ച കേസുകളാണ് അധികവും.

സ്വന്തം നാടായ കൊണ്ടോട്ടിയിലെ പൊലീസ് സ്റ്റേഷനില്‍ മാത്രം 13 കേസുകളാണ് മുജീബ് റഹ്മാനെതിരെയുള്ളത്. മൊഴി നല്‍കിയവരെ തെരഞ്ഞ് വീട്ടിലെത്തി അക്രമം നടത്തിയ ചരിത്രവുമുണ്ട് മുജീബിന്. കൊണ്ടോട്ടിയിലെ കോണ്‍ഗ്രസ് നേതാവിന്‍റെ വീട്ടു മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് കത്തിച്ചതും ഇത്തരമൊരു പ്രതികാരത്തിന്‍റെ തുടര്‍ച്ചായായിട്ടായിരുന്നു. ആരെങ്കിലും എതിര്‍ത്ത് ശബ്ദമുയര്‍ത്തിയാല്‍ ജയിലില്‍ നിന്നിറങ്ങി പണി തരുമെന്ന ഭീഷണിയാണ് മുജീബ് പലപ്പോഴുമുയര്‍ത്തിയിരുന്നത്.

നാട്ടിലെ ലഹരി മാഫിയയുമായും അടുത്ത ബന്ധമാണ് ഇയാള്‍ക്കുള്ളത്. അതു കൊണ്ട് തന്നെ മുജീബിനെതിരെ പ്രതികരിക്കാന്‍ പോലും ആളുകള്‍ മടിക്കുന്നു. രണ്ടര വര്‍ഷം മുമ്പ് മുസ്ലിയാരങ്ങാടിയില്‍ വീട്ടില്‍ അതിക്രമിച്ച് കടന്ന് കവര്‍ച്ച നടത്തിയതാണ് മുജീബിനെതിരെ നാട്ടിലുള്ള അവസാനത്തെ കേസ്. ഇതിനു ശേഷം മുക്കത്ത് സ്ത്രീയെ ബലാത്സംഗം ചെയ്ത ശേഷം ആഭണരണം കവര്‍ന്ന കേസില്‍ അറസ്റ്റിലായിരുന്നു. പിന്നീട് നാട്ടില്‍ അധികമില്ലാതിരുന്ന മുജീബ് അടുത്തിടയിലാണ് വീട്ടിലെത്തിയത്. പിന്നാലെ പേരാമ്പ്രയില്‍ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലുമായി. 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!