ആരാധക ആവേശം അതിരുകടന്നു; തിരുവനന്തപുരത്ത് വിജയ്‍ സഞ്ചരിച്ച കാര്‍ തകര്‍ന്നു

 തമിഴ് സൂപ്പര്‍താരം വിജയ് തിരുവനന്തപുരത്ത് സഞ്ചരിച്ച കാര്‍ ആരാധക ആവേശത്തില്‍ തകര്‍ന്നു. താന്‍ നായകനാവുന്ന പുതിയ ചിത്രം ഗോട്ടിന്‍റെ (ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം) ചില ഭാഗങ്ങളുടെ ചിത്രീകരണത്തിനായി ഇന്ന് വൈകിട്ടാണ് അദ്ദേഹം തിരുവനന്തപുരത്തെത്തിയത്. ചെന്നൈയില്‍ നിന്ന് വിമാനമാര്‍ഗമെത്തിയ വിജയ്‍യെ കാത്ത് ആഭ്യന്തര ടെര്‍മിനലില്‍ ആരാധകരുടെ വന്‍ കൂട്ടമാണ് കാത്തുനിന്നിരുന്നത്. വന്‍ പൊലീസ് സന്നാഹം വിമാനത്താവളത്തില്‍ ഉണ്ടായിരുന്നെങ്കിലും ഏറെ പണിപ്പെട്ടാണ് വിജയ്‍യുടെ കാര്‍ മുന്നോട്ട് നീക്കാനായത്.

ഹോട്ടലില്‍ എത്തിയതിന് ശേഷമുള്ള വിജയ്‍യുടെ കാറിന്‍റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കാറിന്‍റെ ചില്ല് തകര്‍ന്ന് ക്യാബിന് ഉള്ളിലേക്ക് വീണിട്ടുണ്ട്. ഡോര്‍ അടക്കം ചളുങ്ങിയിട്ടുമുണ്ട്. നേരത്തെ ശ്രീലങ്കയില്‍ ചിത്രീകരണം നിശ്ചയിച്ചിരുന്ന ഭാഗങ്ങളാണ് തിരുവനന്തപുരത്ത് ചിത്രീകരിക്കുന്നത്. ഇതിന് മുന്നോടിയായി സംവിധായകന്‍ വെങ്കട് പ്രഭു ലൊക്കേഷന്‍ സന്ദര്‍ശനത്തിനായി നേരത്തെ തിരുവനന്തപുരത്ത് എത്തിയിരുന്നു. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയവും രാജ്യാന്തര വിമാനത്താവളവും ചിത്രത്തിന്‍റെ ലൊക്കേഷനുകളാണ്. ഇത് ആദ്യമായാണ് ഒരു വിജയ് ചിത്രം കേരളത്തില്‍ ചിത്രീകരിക്കുന്നത്. 14 വര്‍ഷം മുന്‍പാണ് വിജയ് ഇതിനുമുന്‍പ് കേരളത്തില്‍ വന്നത്. അത് കാവലന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനായി ആയിരുന്നു. 

മീനാക്ഷി ചൗധരി നായികയാവുന്ന ഗോട്ടില്‍ പ്രഭുദേവ, പ്രശാന്ത്, ലൈല, സ്നേഹ, ജയറാം, അജ്മല്‍, യോഗി ബാബു, വിടിവി ഗണേഷ്, വൈഭവ്, പ്രേംജി അമരന്‍ എന്നിവരൊക്കെ അഭിനയിക്കുന്നുണ്ട്. ജയറാം ചിത്രത്തിലുണ്ട് എന്നത് മലയാളികളെ സംബന്ധിച്ച് ആവേശം പകരുന്ന ഒന്നാണ്. എ ആര്‍ മുരുഗദോസിന്‍റെ സംവിധാനത്തില്‍ 2012 ല്‍ പുറത്തിറങ്ങിയ തുപ്പാക്കിയിലാണ് ഇതിനുമുന്‍പ് വിജയിയും ജയറാമും ഒരുമിച്ച് അഭിനയിച്ചത്. അതേസമയം ലിയോയുടെ വന്‍ വിജയത്തിന് ശേഷമുള്ള വിജയ് ചിത്രമെന്ന നിലയിലും കോളിവുഡ് നിലവില്‍ ഏറ്റവും പ്രതീക്ഷയര്‍പ്പിക്കുന്ന സിനിമകളിലൊന്നാണ് ഗോട്ട്.  

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!