പേട്ടയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ കുഞ്ഞ് ബിഹാര്‍ സ്വദേശികളുടേതെന്ന് ഡിഎന്‍എ പരിശോധനയില്‍ സ്ഥിരീകരണം; കുഞ്ഞിനെ ഉടന്‍ കൈമാറും

 തിരുവനന്തപുരം പേട്ടയില്‍ രണ്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതി ഹസന്‍കുട്ടിയ്‌ക്കെതിരെ വധശ്രമം, പോക്‌സോ വകുപ്പുകള്‍ ചുമത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ഈ മാസം 18 വരെ റിമാന്‍ഡ് ചെയ്തു. ഡിഎന്‍എ പരിശോധനയില്‍ കുട്ടി ബിഹാര്‍ സ്വദേശികളായ ദമ്പതികളുടേതെന്ന് സ്ഥിരീകരിച്ചു. കുഞ്ഞിനെ മാതാപിതാക്കള്‍ക്ക് കൈമാറും.

വൈകിട്ടോടെയാണ് ഹസ്സന്‍കുട്ടിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തത്. പ്രതിയുടെ മൊഴിയില്‍ വൈരുധ്യമുണ്ടെന്നാണ് പോലീസ് നിഗമനം. കുട്ടിയെ കാണാതായ ഓള്‍സെയിന്റ്‌സിന് സമീപത്തെത്തി തെളിവെടുപ്പ് നടത്താനാണ് നീക്കം. ഇതിനായി കസ്റ്റഡി അപേക്ഷ നല്‍കിയിരിക്കുകയാണ് പോലീസ്.ബാലികയെ ലൈംഗികമായി ഉപദ്രവിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് കുട്ടിയെ തട്ടിയെടുത്തതെന്നാണ് പിടിയിലായ ഹസ്സന്‍ കുട്ടി പോലീസിന് നല്‍കിയ മൊഴി. ഇയാള്‍ മുമ്പും നാടോടി ബാലികമാരെ ലക്ഷ്യം വച്ചിരുന്നുവെന്നാണ് പൊലീസ് നിഗമനം.

ഇയാളുടെ ക്രിമിനല്‍ പശ്ചാത്തലവും പോലീസ് വിശദമായ അന്വേഷിക്കും. ഫോണ്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കും. അതേസമയം ഡി എന്‍ എ പരിശോധനയില്‍ കുട്ടി ബിഹാര്‍ സ്വദേശികളുടേതെന്ന് സ്ഥിരീകരിച്ചു .ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലുള്ള കുട്ടിയെ ദമ്പതികള്‍ക്ക് കൈമാറാമെന്ന് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. കുട്ടിയെ ലഭിച്ചാല്‍ ഉടന്‍ നാട്ടിലേക്ക് മടങ്ങാനാണ് കുടുംബത്തിന്റെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!