ആന ലോറിയിൽ നിന്നും ഇറങ്ങിയോടി; വീടുകളും കടകളും തകർത്തു…

പാലക്കാട്: നേർച്ചയ്ക്ക് എത്തിയ ആന ലോറിയിൽ നിന്നും ഇറങ്ങിയോടി. ആന ജനവാസ മേഖലയിൽ നിലയുറപ്പിച്ചിരിക്കുകയാണ്. പാലക്കാട് അമ്പാട്ടെ വീട്ടുമുറ്റത്ത് നിന്നാണ് ആനയെ കണ്ടെത്തിയത്.

പുലർച്ചെ നാല് മണിക്കാണ് ആന വിരണ്ട് ഇറങ്ങിയോടിയത്. ആനയെ ഇതുവരെ തളക്കാൻ സാധിച്ചിട്ടില്ല. ഇറങ്ങിയോടുന്ന സമയത്ത് വീടുകളും കടകളും ആന തകർത്തതായി പരാതി ഉയർന്നിട്ടുണ്ട്.

പാലക്കാട് വടക്കുമുറിക്ക് സമീപം ഡ്രൈവർ ചായ കുടിക്കാൻ പോയ സമയത്താണ് ആന ലോറിയിൽ നിന്ന് ഇറങ്ങി ഓടിയത്. ആനയുടെ ചവിട്ടേറ്റ് ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. നടുവിനാണ് പരിക്കേറ്റത്.

രണ്ടു പശുക്കളെയും ഒരാടിനെയും ആന ചവിട്ടിക്കൊന്നു. ഒരു വീടും ഒരു കടയും തകർത്തിട്ടുണ്ട്. പരിക്കേറ്റ ആളിനെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. താമരശ്ശേരി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള മുത്തു എന്ന ആനയാണ് ഓടിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!