ഖത്തർ/ ന്യൂഡൽഹി: ഖത്തറിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്ന മുൻ നാവിക സേനാ ഉദ്യോഗസ്ഥർക്ക് മോചനം. കേന്ദ്രസർക്കാരിന്റെ നിരന്തര ഇടപെടലിനെ തുടർന്ന് മലയാളിയടക്കം ഇന്ത്യയിൽ നിന്നുള്ള എട്ട് ഉദ്യോഗസ്ഥരുടെ മോചനമാണ് സാദ്ധ്യമായത്. ഇതിൽ ഏഴ് പേർ ജന്മനാട്ടിലേക്ക് തിരിച്ചെത്തി. ഡൽഹിയിൽ വിമാനം ഇറങ്ങിയ ഇവർ പ്രധാനമന്ത്രിയ്ക്കും കേന്ദ്രസർക്കാരിനും നന്ദി അറിയിച്ചു.
നാവിക സേനാ മുൻ കമാൻഡർമാരായ പൂർണേന്ദു തിവാരി, സുഗുണാകർ പകല, കമാൻഡർ അമിത് നാഗ്പാൽ, സഞ്ജീവ് ഗുപ്ത, ക്യാപ്റ്റനായിരുന്ന നവതേജ് സിംഗ് ഗിൽ, ബീരേന്ദ്ര കുമാർ വർമ, സൗരഭ് വസിഷ്ത്, നാവികൻ രാഗേഷ് ഗോപകുമാർ എന്നിവരുടെ മോചനം ആണ് സാദ്ധ്യമായത്. രണ്ട് വർഷമായി ഇവർ ഖത്തറിലെ ജയിലിൽ ആയിരുന്നു. ഇന്ത്യയുടെ ഇടപെടലിനെ തുടർന്ന് ഇവരെ വിട്ടയക്കാൻ ഖത്തർ അമീർ കഴിഞ്ഞ ദിവസം ഉത്തരവിടുകയായിരുന്നു. ഇതോടെയാണ് മോചനം സാദ്ധ്യമായത്
ഖത്തറിലെ ഹാഹ്‌റ ഗ്ലോബലിലെ ജീവനക്കാർ ആയിരുന്നു എട്ട് പേരും. 2022 ഒക്ടോബറിൽ എട്ട് പേരെയും ചാരവൃത്തി സംശയിച്ച് ഖത്തർ പോലീസ് പിടികൂടി ജയിലിൽ അടയ്ക്കുകയായിരുന്നു. തുടർന്ന് കഴിഞ്ഞ വർഷം ഒക്ടോബറിൽ കോടതി ഇവർക്ക് വധശിക്ഷ ലഭിച്ചു. എന്നാൽ ഇതിന് പിന്നാലെ കേന്ദ്രവിദേശകാര്യ മന്ത്രാലയം ഇടപെട്ടതിനെ തുടർന്ന് വധശിക്ഷ തടവാക്കി കുറയ്ക്കുകയായിരുന്നു.
കോപ്28 ഉച്ചകോടിയ്ക്കായി ദുബായിൽ എത്തിയ പ്രധാനമന്ത്രി ഖത്തർ അമിർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുമായി വിഷയം ചർച്ച ചെയ്തിരുന്നു.ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് തടവിൽ കഴിയുന്നവരെ മോചിപ്പിക്കാൻ ഖത്തർ തീരുമാനിച്ചത്.
എട്ട് നാവികസേന ഉദ്യോഗസ്ഥരെയും വിട്ടയയ്ക്കാൻ തീരുമാനിച്ച ഖത്തറിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി കേന്ദ്ര വിദേശകാര്യമന്ത്രാലയം അറിയിച്ചു. എട്ട് പേരിൽ ഏഴ് പേരും രാജ്യത്ത് തിരിച്ചെത്തി.
ഖത്തറിന്റെ തീരുമാനത്തെ ഇന്ത്യൻ അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്യുന്നുവെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.